ബാഴ്സലോണ വിടുന്ന കാര്യം തീരുമാനിച്ചിട്ടില്ല : ബുസ്ക്വറ്റ്‌സ്

ബാഴ്സലോണയിൽ കരാറിന്റെ അവസാന വർഷത്തിലൂടെ കടന്ന് പോവുകയാണ് സെർജിയോ ബുസ്ക്വറ്റ്സ്. സീസണോടെ ടീം വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി താരം വന്നിരിക്കുകയാണ്. സ്വിറ്റ്‌സർലണ്ടുമായുള്ള സ്‌പെയിനിന്റെ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാഴ്‌സലോണ വിടുന്നത് സംബന്ധിച്ച് താൻ ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് ബുസ്ക്വറ്റ്സ് പറഞ്ഞു. “പല അഭ്യൂഹങ്ങളും പുറത്തുവരുന്നുണ്ട്, പക്ഷെ ഒന്നും ഔദ്യോഗികമല്ല. നിലവിൽ താൻ ഒരു തീരുമാനവും എടുത്തിട്ടില്ല. നിലവിലെ സീസൺ എങ്ങനെയാണ് പോകുന്നത് എന്നതിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലബ്ബിൽ തുടരാൻ ആയാലും മറ്റ് ക്ലബ്ബുകളിലേക്ക് ചേക്കേറാൻ ആയാലും നിരവധി സാധ്യതകൾ തനിക്ക് മുന്നിൽ ഉണ്ട്” ബാഴ്‌സ ക്യാപ്റ്റൻ പറഞ്ഞു.

ബാഴ്സലോണ

നേരത്തെ ബുസ്ക്വറ്റ്സിനെ ടീമിലേക്ക് എത്തിക്കാൻ ഇന്റർ മയാമി ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. തലമുറ മാറ്റം നടക്കുന്ന ബാഴ്‌സയിൽ, ലോകകപ്പ് ഉള്ളത് കൊണ്ട് മാത്രമാണ് ബുസ്ക്വറ്റ്സ് തുടരാൻ തീരുമാനിച്ചത് എന്നായിരുന്നു സ്പാനിഷ് മാധ്യമങ്ങളുടെ ഭാഷ്യം. അഭിമുഖത്തിൽ ടീമിലെ സഹതാരങ്ങൾ ആയ പെഡ്രി, ഗവി എന്നിവരെ ബുസ്ക്വറ്റ്സ് പുകഴ്ത്തി.