മയോർക്കക്കെതിരെ ജയം, ബാഴ്‌സലോണ നാലാം സ്ഥാനത്തിന് തൊട്ടടുത്ത്

ലാ ലീഗയിൽ മയോർക്കക്കെതിരെ നേരിയ ജയവുമായി ബാഴ്‌സലോണ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബാഴ്‌സലോണ മയോർക്കയെ മറികടന്നത്. മത്സരത്തിന്റെ 44ആം മിനുട്ടിൽ ഡിയോങിന്റെ ഗോളിലാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. ജയത്തോടെ ലാ ലീഗയിൽ നാലാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിന് തൊട്ടുപിറകിൽ എത്താനും ബാഴ്‌സലോണകായി.

കോവിഡും പരിക്കും മൂലം പല പ്രമുഖ താരങ്ങളും ഇല്ലാതെയാണ് ബാഴ്‌സലോണ മയോർക്കയെ നേരിടാൻ ഇറങ്ങിയത്. മത്സരത്തിന്റെ നിയന്ത്രണം ബാഴ്‌സലോണയുടെ കൈകളിൽ ആയിരുന്നെങ്കിലും പലപ്പോഴും മയോർക്ക പ്രതിരോധം ബാഴ്‌സലോണയെ നിരാശപ്പെടുത്തി. 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ബാഴ്‌സലോണ ലീഗിൽ അഞ്ചാം സ്ഥാനത്താണ്. 19 മത്സരങ്ങളിൽ നിന്ന് തന്നെ 32 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.