മെസ്സിക്ക് മുൻപിൽ അനായാസം കീഴടങ്ങി ഗെറ്റാഫെ

Barcelona Messi Busquets

ലാ ലീഗയിൽ ഗെറ്റാഫെക്കെതിരെ വമ്പൻ ജയവുമായി ബാഴ്‌സലോണ. 5-2നാണ് മികച്ച ഫോമിൽ കളിക്കുന്ന ബാഴ്‌സലോണ ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്. മെസ്സി തന്റെ പതിവ് ഫോം തുടർന്നപ്പോൾ ബാഴ്‌സലോണക്ക് കാര്യങ്ങൾ എളുപ്പമായി. മത്സരത്തിന്റെ എട്ടാം മിനുട്ടിൽ തന്നെ മെസ്സിയുടെ ഗോളിൽ ബാഴ്‌സലോണ മുൻപിലെത്തി. എന്നാൽ ലെങ്ലൈറ്റിന്റെ സെൽഫ് ഗോൾ ഗെറ്റാഫെക്ക് പ്രതീക്ഷ നൽകിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് 2 ഗോളുകൾ കൂടി നേടി ബാഴ്‌സലോണ മത്സരത്തിൽ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ആദ്യം സോഫിയാൻ ചക്ലയുടെ സെൽഫ് ഗോളിൽ ലീഡ് വർദ്ധിപ്പിച്ച ബാഴ്‌സലോണ ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ മെസ്സിയുടെ രണ്ടാമത്തെ ഗോളോടെ മത്സരത്തിൽ ആധിപത്യം പുലർത്തുകയായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ എനെസ് ഉനലിലൂടെ ഗെറ്റാഫ രണ്ടാമത്തെ ഗോൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും മെസ്സിയുടെ കോർണറിൽ നിന്ന് അറായു ബാഴ്‌സലോണയുടെ നാലാമത്തെ ഗോൾ നേടി മത്സരം തങ്ങളുടേതാക്കി മാറ്റുകയായിരിക്കുന്നു. തുടർന്ന് ഇഞ്ചുറി ടൈമിൽ ഗ്രീസ്മാനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ഗ്രീസ്മാൻ തന്നെ ബാഴ്‌സലോണയുടെ അഞ്ചാമത്തെ ഗോളും നേടി ബാഴ്‌സലോണയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. ജയത്തോടെ ബാഴ്‌സലോണ ലാ ലീഗ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് എത്തി. നിലവിൽ അത്ലറ്റികോ മാഡ്രിഡിനെക്കാളും റയൽ മാഡ്രിഡിനെക്കാളും ഒരു മത്സരം കുറവ് കളിച്ച ബാഴ്‌സലോണ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനെക്കാൾ അഞ്ച് പോയിന്റ് പിറകിലാണ്.