സുവാരസിന്റെ മിന്നും ഗോൾ! സിമിയോണിക്ക് ആശ്വാസമായി വിജയവഴിയിൽ തിരിച്ചെത്തി അത്ലറ്റികോ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ അവസാന സ്ഥാനക്കാരോട് അവസാന മത്സരത്തിൽ പരാജയം ഏറ്റു വാങ്ങിയ നാണക്കേടിൽ നിന്നു തിരിച്ചു വന്നു അത്ലറ്റികോ മാഡ്രിഡ്. ലീഗിൽ ഒമ്പതാം സ്ഥാനത്തുള്ള ഒസാസുനയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അത്ലറ്റികോ വീഴ്ത്തിയത്. ഈ ജയം സമ്മർദ്ദത്തിലായ അത്ലറ്റികോ പരിശീലകൻ ഡീഗോ സിമിയോണിക്ക് ആശ്വാസമായി. ജയത്തോടെ ലീഗിൽ നാലാം സ്ഥാനത്ത് എത്താനും അവർക്ക് ആയി. 38 ശതമാനം മാത്രം സമയം പന്ത് കൈവശം വച്ച അത്ലറ്റികോ തുറന്ന അവസരങ്ങൾ ലക്ഷ്യം കണ്ടു ജയം നേടിയെടുക്കുക ആയിരുന്നു.

ഇടക്ക് ഒരു ശ്രമം പോസ്റ്റിൽ തട്ടിയെങ്കിലും മത്സരത്തിൽ ഗോൾ നേടാൻ ഒസാസുനക്ക് ആയില്ല. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ മൂന്നാം മിനിറ്റിൽ തന്നെ ഗോൾ നേടിയ ഫെലിക്‌സ് ആണ് അത്ലറ്റികോക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. രണ്ടാം പകുതിയിൽ 59 മത്തെ മിനിറ്റിൽ ഫെലിക്സിന്റെ പാസിൽ നിന്നു ഏതാണ്ട് 35 യാർഡിൽ നിന്നു ഇടൻ കാലൻ അടിയിലൂടെ ഗോൾ നേടിയ ലൂയിസ് സുവാരസ് അത്ലറ്റികോ ജയം ഉറപ്പിക്കുക ആയിരുന്നു. അവിശ്വസനീയ ഗോൾ ആയിരുന്നു ഇത്. 89 മത്തെ മിനിറ്റിൽ കോക്കെയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ പകരക്കാരൻ ആന്ദ്ര കൊറെയ അത്ലറ്റികോ ജയം പൂർത്തിയാക്കുക ആയിരുന്നു. ഈ ജയം സമ്മർദ്ദത്തിലുള്ള അത്ലറ്റികോ പരിശീലകൻ സിമിയോണിക്ക് ആശ്വാസമാവും.