മാറ്റങ്ങളുമായി കേരള പ്രീമിയർ ലീഗ് എത്തുന്നു, ഇത്തവണ ഒക്ടോബർ മുതൽ

പുതിയ മുഖവുമായി കേരള പ്രീമിയർ ലീഗ് എത്തുന്നു. മുൻ സീസണുകൾ പോലെ സീസണ് അവസാനം തിരക്കുപിടിച്ചു ലീഗ് നടത്തുന്ന രീതി മാറ്റി ഇന്ത്യൻ ഫുട്ബോൾ സീസൺ ആരംഭത്തോടൊപ്പം ഒക്ടോബർ മുതൽ കേരള പ്രീമിയർ ലീഗും ആരംഭിക്കാനാണ് കേരള ഫുട്ബോൾ അസോസിയേഷന്റെ പുതിയ തീരുമാനം. ഒക്ടോബറിൽ ആരംഭിക്കുന്ന ലീഗിൽ മത്സരങ്ങൾക്ക് ഇടയിൽ കൃത്യമായ ഇടവേളകൾ വിട്ട് ആകും നടത്തുക.

ഇത് കളിക്കാരെയും ക്ലബുകളെയും ഒരുപോലെ സഹായിക്കുമെന്നും കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. കഴിഞ്ഞ‌ സീസണിൽ ഏപ്രിൽ മെയ് മാസങ്ങളിലായി നടത്തിയ ലീഗിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. സെക്കൻഡ് ഡിവിഷൻ മത്സരങ്ങൾ ഇതിനിടയിൽ വന്നത് കേരള പ്രീമിയർ ലിഗിന്റെ മൊത്തം ഫിക്സ്ചറിനെ തന്നെ ബാധിച്ചു. ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള എന്നീ ടീമുകൾ സെക്കൻഡ് ഡിവിഷനിൽ കളിക്കുന്നുണ്ടായിരുന്നു.

ലീഗ് നേരത്തെ നടത്തുന്നത് അത്തരം പ്രശ്നങ്ങളെയും അതിജീവിക്കാൻ സഹായിക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ കരുതുന്നു. ഇത്തവണ ഡിപാർട്മെന്റ് ടീമുകൾ ഇല്ലാതെ 10 പ്രൈവെറ്റ് ക്ലബുകൾ മാത്രമായാകും ലീഗ് നടക്കുക. ഡിപാർട്മെന്റ് ടീമുകൾക്കായി മറ്റൊരു ടൂർണമെന്റ് നടത്താനും അസോസിയേഷൻ ആലോചിക്കുന്നുണ്ട്.

ഹോം എവേ ഫോർമാറ്റിൽ തന്നെ ആകും ലീഗ് നടക്കുക. തിരുവനന്തപുരം ക്ലബായ കോവളം എഫ് സി അടക്കം കേരള പ്രീമിയർ ലീഗിൽ പുതിയ ടീമുകളുടെ സാന്നിദ്ധ്യം പ്രതീക്ഷിക്കാം. എല്ലാ മത്സരങ്ങളും തത്സമയം ലൈവ് സ്ട്രീമിങ് വഴി ഫുട്ബോൾ ആരാധകരിൽ എത്തിക്കാനും അധികൃതർ ആലോചിക്കുന്നുണ്ട്.

Previous articleബോൾട്ടൻ ക്ലബ് പ്രതിസന്ധിയിൽ, ട്രാൻസ്ഫർ വിലക്കും 12 പോയന്റ് കുറയ്ക്കാനും സാധ്യത
Next articleചെൽസിക്കെതിരെ ബസ് പാർക്ക് ചെയ്യില്ല എന്ന് നീൽ വാർനോക്ക്