ഇസ്രായേലിന്റെ പങ്കാളിത്തം സംബന്ധിച്ച രാഷ്ട്രീയ പ്രശ്നങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ ഫിഫ U20 ലോകകപ്പ് ആതിഥ്യം വഹിക്കുന്നതിൽ നിന്ന് ഇന്തോനേഷ്യയെ ഒഴിവാക്കി. ടൂർണമെന്റ് ആരംഭിക്കുന്നതിന് എട്ടാഴ്ച മാത്രം ശേഷിക്കെ ആണ് ഈ തീരുമാനം ഫിഫ എടുക്കുന്നത്. ഇന്തോനേഷ്യയിലെ ആറ് സ്റ്റേഡിയങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ടൂർണമെന്റിന് ഇനി ആര് ആതിഥേയത്വം വഹിക്കും എന്ന് വ്യക്തമല്ല. ടൂർണമെന്റിന് യോഗ്യത നേടാത്ത അർജന്റീന ആതിഥേയത്വം വഹിക്കാൻ താൽപര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.
മെയ് 20-ന് ആരംഭിക്കാനിരുന്ന 24 ടീമുകളുടെ ടൂർണമെന്റിൽ നിന്ന് ഇന്തോനേഷ്യയെ “നിലവിലെ സാഹചര്യങ്ങൾ കാരണം” നീക്കം ചെയ്തതായി ഫിഫ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഇന്തോനേഷ്യൻ സോക്കർ ഫെഡറേഷൻ പ്രസിഡന്റ് എറിക് തോഹിറും തമ്മിൽ ദോഹയിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.
കഴിഞ്ഞ ജൂണിലാണ് ഇസ്രയേൽ തങ്ങളുടെ ആദ്യ അണ്ടർ 20 ലോകകപ്പിന് യോഗ്യത നേടിയത്. എന്നാൽ ഇസ്രായേലിന് തങ്ങളുടെ രാജ്യത്ത് കളിക്കാൻ അനുവദിക്കില്ല എന്നായിരുന്നു ഇന്തോനേഷ്യയുടെ നിലപാട്. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലീം വിശ്വാസികൾ ഉള്ള രാഷ്ട്രമാണ് ഇന്തോനേഷ്യ. ഫലസ്തീൻ ഇസ്രായേൽ പ്രശ്നത്തിൽ ഇസ്രായേലിന് ഒപ്പം നിൽക്കുന്ന ഇന്തോനേഷ്യക്ക് ഇസ്രായേലുമായി യാതൊരു നയതന്ത്ര ബന്ധവും ഇല്ല. അവിടുത്ത ജനങ്ങളും ഇസ്രായേലിന് എന്നും എതിരായിരുന്നു. ഇതാണ് രാഷ്ട്രീയ പാർട്ടികൾക്കും ഈ നിലപാട് എടുക്കേണ്ടി വരാൻ കാരണം ആയത്.