ഇന്ത്യൻ യുവ പ്രതിരോധ താരം സർതക് ഗോലിയെ ബെംഗളൂരു എഫ്‌സി സൈൻ ചെയ്തു. രണ്ട് വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി അറിയിച്ചു. 23 വയസുകാരൻ ബെംഗളൂരുവിന്റെ ഈ സീസണിലെ നാലാമത്തെ സൈനിംഗ് ആണ്. മുസാവു-കിംഗ്, അലൻ കോസ്റ്റ, രോഹിത് കുമാർ എന്നിവരെ നേരത്തെ ബെംഗളൂരു എഫ് സി സൈൻ ചെയ്തിരുന്നു.
ഈഗിൾസ് എഫ്‌സിക്കെതിരായ എഎഫ്‌സി കപ്പ് പ്ലേ ഓഫ് ഘട്ട മത്സരത്തിന് മുന്നോടിയായി സർതക് ബെംഗളൂരു ടീമിൽ ചേരും. കൊൽക്കത്തയിൽ ജനിച്ച സർതക് എ.ഐ.എഫ്.എഫ് എലൈറ്റ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഐ-ലീഗിലെയും ഇന്ത്യൻ സൂപ്പർ ലീഗിലെയും പ്രധാന ക്ലബ്ബുകളെ പ്രതിനിധീകരിച്ചിട്ടുണ്ട്. പൂനെ സിറ്റി, മുംബൈ സിറ്റി എഫ്‌സി, ഈസ്റ്റ് ബംഗാൾ എന്നിവിടങ്ങളിൽ ആയി ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങൾ താരം കളിച്ചു.
“ബെംഗളൂരു എഫ്‌സിയിൽ ചേരുന്നതിൽ ഞാൻ വളരെ സന്തോഷത്തിലാണ്. വളരെ വിജയകരമായ ഒരു ക്ലബിന്റെ ഭാഗമാകുകയെന്നത് ഒരു വലിയ ഉത്തരവാദിത്തമാണ്, ക്ലബ്ബിനും ആരാധകർക്കും എന്നിലുള്ള എല്ലാ പ്രതീക്ഷകളും നിറവേറ്റാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ”കരാർ ഒപ്പിട്ട ശേഷം സർതക് പറഞ്ഞു.