പ്ലേ ഓഫ് സ്വപ്നങ്ങളുമായി പൂനെ സിറ്റി ജെംഷെഡ്പൂരിനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് പ്ലേ ഓഫ് സ്വപ്നങ്ങളുമായി പൂനെ സിറ്റി ജെംഷെഡ്പൂരിനെതിരെ ഇറങ്ങും. ഐ.എസ്.എല്ലിൽ മികച്ച ട്രാക്ക് റെക്കോർഡ് പൂനെ സിറ്റിക്ക് ഒപ്പമാണെങ്കിലും ഈ സീസണിൽ മികച്ച ഫോമിലാണ് ജെംഷെഡ്പൂർ. കഴിഞ്ഞ മൂന്നു തവണ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോളും വിജയം പൂനെ സിറ്റിക്ക് ഒപ്പമായിരുന്നു. പ്ലേ ഓഫ് സാധ്യതകളെ മുന്നിൽ കണ്ടു ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. വൈകിട്ട് 7.30 ആണ് കിക്കോഫ്.

ഈ സീസണിൽ മോശം തുടക്കം ആയിരുന്നങ്കിൽ കൂടി ഐ.എസ്.എൽ പരിസമാപ്‌തിയോടടുക്കുമ്പോൾ മികച്ച ഫോമിലാണ് പൂനെ സിറ്റി. പ്ലേ ഓഫ് സ്വപ്നങ്ങൾ നിലനിർത്താൻ പൂനെക്ക് ജയിച്ചെ പറ്റൂ. കഴിഞ്ഞ മത്സരങ്ങളിൽ ഏഴു ഗോളുകൾ അടിച്ച് കൂട്ടിയ പൂനെയുടെ പ്രതീക്ഷ മാഴ്സെലോ പിരേരയുടെ ഫോമിലാണ്. ഹ്യൂമും ആഷിക്ക് കുരുണിയാനും ഡിയാഗോ കാർലോസും റോബിൻ സിങ്ങും അടങ്ങുന്ന പൂനെയുടെ ആക്രമണ നിര അപകടകാരികളാണ്. 14 മത്സരങ്ങളിൽ നിന്നും 15 പോയിന്റുമായി പൂനെ ഏഴാം സ്ഥാനത്താണ്.

15 മത്സരങ്ങൾ അവസാനിക്കുമ്പോൾ 23 പോയിന്റുമായി നിലവിൽ അഞ്ചാം സ്ഥാനത്താണ് ജെംഷെഡ്പൂർ എഫ്‌സി. രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ മികച്ച പ്രകടനം പുറത്തെടുക്കാനാവും മൈനേഴ്സ് ശ്രമിക്കുക. എതിരില്ലാത്ത ഒരു ഗോളിന് മുംബൈ സിറ്റിയെ വീഴ്ത്തിയാണ് ജെംഷെഡ്പൂർ കളത്തിൽ ഇറങ്ങുന്നത്. ഈ സീസണിൽ രണ്ടു തോൽവികൾ മാത്രമാണ് ജെംഷെഡ്പൂർ വഴങ്ങിയിട്ടുള്ളത്. ആസ്ട്രേലിയൻ ലെജൻഡ് ടിം കാഹിൽ പരിക്ക് കാരണം ഇന്നും കളത്തിലിറങ്ങില്ല.