ആവേശ പോരാട്ടമാണ് ഇന്ന് ഐ എസ് എല്ലിൽ കണ്ടത്. കളി സമനില ആയെങ്കിലും അടിയും തിരിച്ചടിയുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒഡീഷ എഫ് സിയും ഇന്ന് കളം നിറഞ്ഞു കളിച്ചു. ഇന്ന് നടന്ന പോരാട്ടം 2-2 എന്ന നിലയിൽ ആണ് അവസാനിച്ചത്. മനോഹര ഗോളുകളും ഇന്ന് ഗോവയിൽ കാണാൻ ആയി. മത്സരത്തിൽ ആദ്യ ലീഡ് എടുത്തത് ഒഡീഷ ആയിരുന്നു. 23ആം മിനുട്ടിൽ മൗറീസിയോ ഡിയേഗോയുടെ വക ആയിരുന്നു ഗോൾ. ആദ്യം ആ ഗോൾ ലൈൻ റഫറി ഓഫ് വിളിച്ചു എങ്കിലും മെയിൻ റഫറി അദ്ദേഹത്തെ തിരുത്തി.
ആ ഗോളിന് മറുപടി വന്നത് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് മാത്രമാണ്. ബെഞ്ചമിൻ ലമ്പോട്ടിന്റെ വക ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ സമനില ഗോൾ. രണ്ടാം പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. അപ്പിയയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി താരം തന്നെയാണ് ലക്ഷ്യത്തിൽ എത്തിച്ചത്.
ആ ലീഡ് വെറും രണ്ട് മിനുട്ട് മാത്രമേ നീണ്ടു നിന്നുള്ളൂ. 67ആം മിനുട്ടിൽ അലക്സാണ്ടർ ഒരു മനോഹര സ്ട്രൈക്കിലൂടെ ഒഡീഷയെ ഒപ്പം എത്തിച്ചു. ഇതിനു ശേഷം ഇരുടീമുകളും വിജയത്തിനു വേണ്ടി ശ്രമിച്ചു എങ്കിലും വിജയ ഗോൾ വന്നില്ല. ഒഡീഷ ഈ സമനിലയോടെ അവസാന സ്ഥാനത്ത് നിന്ന് തൽക്കാലം രക്ഷപ്പെട്ടു. രണ്ട് പോയിന്റുമായി പത്താം സ്ഥാനത്താണ് അവർ ഉള്ളത്. 11 പോയിന്റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്താണ് ഉള്ളത്.