കാത്തിരുന്ന വിജയം, ഹക്കുവും മറെയും തകർത്തു

Img 20201227 213137
- Advertisement -

ജി. എം.സി സ്‌റ്റേഡിയം ഗോവ: കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ആവേശ ജയമൊരുക്കി
അബ്‌ദുൾ ഹക്കുവും ജോർദാൻ മറെയും. ഹൈദരാബാദ്‌ എഫ്‌സിയെ രണ്ട്‌ ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ്‌ തകർത്തത്‌. ഐഎസ്‌എലിൽ ഈ സീസണിലെ ആദ്യ ജയമാണ്‌ ഹക്കുവും മറെയും ചേർന്ന്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ സമ്മാനിച്ചത്‌. ആരാധകർക്കുള്ള ക്രിസ്‌മസ്‌ സമ്മാനമായി ഈ ജയം.
കളിയുടെ 29-ാം മിനിറ്റിലായിരുന്നു ആദ്യമായി ആദ്യ ഇലവനിൽ ഇടം പിടിച്ച ഹക്കുവിന്റെ ഗോൾ.  88-ാം മിനിറ്റിൽ മറെ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയമുറപ്പിച്ചു. യുവതാരം ജീക്സൺ സിങ് കളിയിലെ താരമായി. കളിയിൽ പൂർണനിയന്ത്രണം നേടിയ ബ്ലാസ്‌റ്റേഴ്‌സ്‌ മനോഹര പ്രകടനമാണ്‌ ഹൈദരാബാദിനെതിരെ പുറത്തെടുത്തത്‌. ഹൈദരാബാദ്‌ ഗോൾ കീപ്പർ സുബ്രത പോളിന്റെ സേവുകളാണ്‌ കൂടുതൽ ഗോൾ നേടുന്നതിൽനിന്ന്‌ ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞത്‌. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സിന്‌ ഏഴ്‌ കളിയിൽ നിന്ന് ആറ്‌ പോയിന്റായി. ജനുവരി രണ്ടിന്‌ മുംബൈ സിറ്റി എഫ്‌സിയുമായിട്ടാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

ജോർദാൻ മറെ, ഫക്കുണ്ടോ പെരേര എന്നിവരായിരുന്നു ബ്ലാസ്‌റ്റേഴ്‌സ്‌ മുന്നേറ്റത്തിൽ. സഹൽ അബ്‌ദുൾ സമദ്‌, രാഹുൽ കെ പി, ജീക്‌സൺ സിങ്‌, വിസെന്റ്‌ ഗോമെസ്‌ എന്നിവർ മധ്യനിരയിലും. ജെസെൽ കർണെയ്‌റോ, അബ്‌ദുൾ ഹക്കു, സന്ദീപ്‌ സിങ്‌, നിഷുകുമാർ എന്നിവർ പ്രതിരോധത്തിലും. ഇന്ത്യൻ താരങ്ങളായിരുന്നു പ്രതിരോധത്തിൽ പൂർണമായും. ഗോൾവലയ്‌ക്ക്‌ മുന്നിൽ ആൽബിനോ ഗോമസ്‌.
അരിദാനെ സന്റാന, ലിസ്‌റ്റൺ കൊളാസോ എന്നിവരെ മുന്നേറ്റത്തിൽ അണിനിരത്തിയാണ്‌ ഹൈദരാബാദ്‌ ഇറങ്ങിയത്‌. മധ്യനിരയിൽ ഹാളീചരൺ നർസാറി, മുഹമ്മദ്‌ യാസിർ, ജാവോ വിക്ടർ, ഹിതേഷ്‌ ശർമ എന്നിവർ. പ്രതിരോധത്തിൽ ആകാശ്‌ മിശ്ര, ചിങ്‌ളെൻസന സിങ്‌, ഒഡെയ്‌ ഒനൻഡ്യ, ആശിഷ്‌ റായ് എന്നിവരുമെത്തി. സുബ്രത പോൾ ഗോൾ വലയ്‌ക്ക്‌ മുന്നിൽ.

കളിയുടെ തുടക്കംമുതൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ കളംനിറഞ്ഞു. പന്തിൽ പൂർണനിയന്ത്രണം നേടി മുന്നേറി. പതിനൊന്നാം മിനിറ്റിൽ സഹലിന്റെ ഒന്നാന്തരം മുന്നേറ്റം കണ്ടു. ലോങ്‌ബോൾ നിയന്ത്രിക്കാനുള്ള ഹൈദരാബാദ്‌ പ്രതിരോധക്കാരൻ ആശിഷ്‌ റായിയുടെ ശ്രമം പാളി. ഇടതുപാർശ്വത്തിലൂടെ കുതിച്ചെത്തിയ സഹൽ പന്ത്‌ തട്ടിയെടുത്തു. ബോക്‌സിൽനിന്ന്‌ മറെയെ ലക്ഷ്യമാക്കി അടിതൊടുത്തു. എന്നാൽ ഒനയ്‌ൻഡ്യയുടെ ഇടപെടൽ സഹലിനെ തടഞ്ഞു. പതിനേഴാം മിനിറ്റിൽ മറ്റൊരു മികച്ച നീക്കം ബ്ലാസ്‌റ്റേഴ്‌സ്‌ നടത്തി. വലതുവശത്ത്‌ രാഹുൽ നടത്തിയ തകർപ്പൻ നീക്കത്തിനൊടുവിൽ പന്ത്‌ ഹൈദരാബാദ്‌ ബോക്‌സിൽ തട്ടിത്തെറിച്ചു. ഓടിയെത്തിയ നിഷുകുമാർ നിലംപറ്റി അടിതൊടുത്തു. പന്ത്‌ ഗോൾ കീപ്പർ സുബ്രത കൈയിലൊതുക്കി. ഇരുപതാം മിനിറ്റിൽ മുഹമ്മദ്‌ യാസിറിനെ ഫൗൾ ചെയ്‌തതിന്‌ സഹലിന്‌ മഞ്ഞക്കാർഡ്‌ കിട്ടി.

26-ാം മിനിറ്റിൽ പെരേര എടുത്ത ഫ്രീകിക്കിൽനിന്നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നിമിഷം പിറന്നത്‌. ഫ്രീകിക്ക്‌ ബോക്‌സിലേക്ക്‌ വളഞ്ഞിറങ്ങി. ഗോമെസും ഹൈദരാബാദ്‌ പ്രതിരോധക്കാരും ഒരുമിച്ചു ചാടി. പന്ത്‌ പ്രതിരോധത്തിൽ തട്ടി പുറത്തേക്ക്‌. ബ്ലാസ്‌റ്റേഴ്‌സിന്‌ കോർണർ. ഇടതുമൂലയിൽനിന്ന്‌ പെരേര പന്ത്‌ ഉയർത്തി വിട്ടു. ഹക്കു അതിൽ കൃത്യമായി തലവച്ചു. ആരും മാർക്ക്‌ ചെയ്യാനില്ലാതിരുന്ന ഹക്കുവിന്‌ എളുപ്പമായിരുന്നു. ഈ മലയാളി താരത്തിന്റെ ആദ്യ ഗോളായിരുന്നു ഇത്‌.
32-ാം മിനിറ്റിൽ യാസിറിനെ ഫൗൾ ചെയ്‌തതിന്‌ ജീക്‌സണും മഞ്ഞക്കാർഡ്‌ കിട്ടി. 35-ാം മിനിറ്റിൽ ഹൈദരാബാദ്‌ മുന്നേറ്റത്തെ സഹൽ തടഞ്ഞു. ബോക്‌സിന്‌ തൊട്ടുമുന്നിൽനിന്ന്‌ കൊളാസോ തൊടുത്ത ഷോട്ട്‌ സഹൽ അടിച്ചകറ്റി. ഹൈദരാബാദിന്റെ മുന്നേറ്റങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. ഹൈദരാബാദിന്റെ സൂപ്പർ താരം അരിദാനെ സന്റാനയുടെ നീക്കങ്ങൾക്ക്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധം കൃത്യമായി തടയിട്ടു. ആദ്യപകുതി ഒറ്റ ഗോൾ ആനുകൂല്യത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ അവസാനിപ്പിച്ചു.

രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ്‌ നല്ല കളി പുറത്തെടുത്തു. കളി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ വിസെന്റ്‌ ഗോമസ് സുബ്രതോയെ പരീക്ഷിച്ചു. ഗോമെസിന്റെ കരുത്തുറ്റ ഷോട്ട്‌ സുബ്രതോ ആയാസപ്പെട്ട്‌ തട്ടിയകറ്റുകയായിരുന്നു. രാഹുലും സഹലും ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങൾക്ക്‌ ഊർജം പകർന്നു. 49-ാം മിനിറ്റിൽ സഹൽ മനോഹരമായ ബോക്‌സിലേക്ക്‌ നീട്ടി നൽകിയ പന്തിൽ കർണെയ്‌റോ കാൽവച്ചെങ്കിലും ലക്ഷ്യത്തിലേക്ക്‌ എത്തിയില്ല. 51-ാം മിനിറ്റിൽ സഹലിന്റെ ഇടതുഭാഗത്ത്‌ നിന്നുള്ള ഷോട്ട്‌ ഇഞ്ചുകളുടെ വ്യത്യാസത്തിലാണ്‌ പുറത്തുപോയത്‌. ബ്ലാസ്‌റ്റേഴ്‌സ്‌ ഗോൾമേഖലയിലേക്കുള്ള ഹൈദരാബാദിന്റെ ഓരോ നീക്കത്തിനും പ്രതിരോധം തടയിട്ടു. തുടർന്നുള്ള മിനിറ്റുകളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ കടുത്ത ആക്രമണമാണ്‌ നടത്തിയത്‌. ഒന്നിന്‌ പിറകെ ഒന്നായി ഹൈദരാബാദ്‌ ബോക്‌സിലേക്ക്‌ ഷോട്ടുകൾ പറന്നു. മറെയുടെ രണ്ട്‌ ശ്രമങ്ങൾ സുബ്രതയുടെ ഇടപെടൽ കൊണ്ട്‌ ലക്ഷ്യത്തിലെത്തിയില്ല. 58–-ാം മിനിറ്റിൽ മറ്റൊരു തകർപ്പൻ നീക്കം ബ്ലാസ്‌റ്റേഴ്‌സിൽനിന്നുണ്ടായി. ഇത്തവണ രാഹുൽ കെ പി. ബോക്‌സിന്‌ മുന്നിൽവച്ച്‌ ഈ യുവതാരം തൊടുത്ത ഷോട്ട്‌ സുബ്രതയുടെ അസാമാന്യ ചാട്ടം തടഞ്ഞു. ‌

അവസാന നിമിഷങ്ങളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഹൈദരാബാദിന്റെ പ്രത്യാക്രമണങ്ങൾക്ക്‌ തടയിട്ടു. സഹലിന്‌ പകരം  രോഹിത്‌ കുമാർ ഇറങ്ങി. 82-ാം മിനിറ്റിൽ രാഹുലിന്റെ മറ്റൊരു ഷോട്ടും സുബ്രത തടഞ്ഞു. 88-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ്‌ വീണ്ടും വലകുലുക്കി.  രാഹുലാണ്‌ അവസരമൊരുക്കിയത്‌. ഈ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഹൈദരാബാദിനെ പൂർണമായും തീർത്തു. അധിക സമയത്തും ലീഡ് നിലനിർത്തിയ ടീം സീസണിലെ അദ്യ ജയവും ആഘോഷിച്ചു. 

(Press Release)

Advertisement