മഞ്ഞ ജേഴ്സിയിൽ കളിക്കാൻ ഒരു പ്രതീക്ഷ നൽകുന്ന താരം, ബിദ്യാഷാഗർ സിങ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിൽ

കൊച്ചി, ഓഗസ്റ്റ് 17, 2022: ബംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിങ്ങുമായി കരാറിലെത്തിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സന്തോഷപൂർവം പ്രഖ്യാപിച്ചു. 2023 വരെ ബംഗളൂരു എഫ്‌സിയിൽനിന്ന്‌ വായ്‌പാടിസ്ഥാനത്തിലാണ്‌ ഈ യുവ സ്‌ട്രൈക്കർ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്‌.

ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരൻ സ്‌ട്രൈക്കർ 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണൽ കരിയറിന് തുടക്കം കുറിച്ചത്. 2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ്‌ താരം ആദ്യമായി ശ്രദ്ധേയനാകുന്നത്‌. ടൂണമെന്റിൽ ആറ്‌ ഗോളുകൾ നേടിയ താരം 2018ൽ സീനിയർ ടീമിനായും അരേങ്ങേറി. രണ്ട്‌ സീസണിലായി സീനിയർ ടീമിനുവേണ്ടി 12 മത്സരങ്ങളിൽ താരം കളിച്ചു.
Img 20220817 Wa0003
2020ൽ ഐ ലീഗ്‌ ക്ലബ്ബ്‌ ട്രാവുവുമായി ബിദ്യാഷാഗർ കരാർ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോൾ ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളിൽ 12 ഗോളുകൾ നേടി. ഇതിൽ രണ്ട്‌ ഹാട്രിക്കും ഉൾപ്പെടും. ആ വർഷം ട്രാവുവിനെ മൂന്നാം സ്‌ഥാനത്തേക്ക്‌ നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങൾ അദ്ദേഹത്തിന്‌ നിരവധി വ്യക്തിഗത അംഗീകാരങ്ങൾ നേടിക്കൊടുത്തു. ടോപ്‌ സ്‌കോറർ പുരസ്‌കാരം, ഹീറോ ഓഫ്‌ ദി സീസൺ എന്നിവയ്‌ക്കൊപ്പം ഐ ലീഗ്‌ ടീം ഓഫ്‌ ദി സീസണിൽ സ്ഥാനവും നേടിക്കൊടുത്തു.

ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടർന്ന്‌ അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാർ ഒപ്പ്‌ വച്ചു. വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ ഇറങ്ങിയ താരം 11 കളികളിൽ നിന്ന് മൂന്ന്‌ ഗോളുകളും നേടി.

“കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിൽ ചേർന്നതിന് ബിദ്യയെ ഞാൻ അഭിനന്ദിക്കുന്നു. രണ്ട് സീസണുകൾക്ക് മുമ്പുതന്നെ അദ്ദേഹം തന്റെ കഴിവ്‌ തെളിയിച്ചതാണ്‌. കൂടാതെ ഐ‌എസ്‌എലിൽ അദ്ദേഹത്തിന്‌ സ്വന്തം കഴിവുകൾ കൂടുതൽ തെളിയിക്കാനുള്ള അവസരം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പുതിയ വെല്ലുവിളിയിൽ അദ്ദേഹത്തെ സഹായിക്കാനുണ്ടാകും. എല്ലാവിധ ആശംസകളും ഞങ്ങൾ നേരുന്നു”. സമ്മർ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ ഇന്ത്യൻ കരാറിനെക്കുറിച്ച്‌ സംസാരിക്കവെ സ്‌പോർടിങ്‌ ഡയറക്ടർ കരോലിസ്‌ സ്‌കിൻകിസ്‌ പറഞ്ഞു.

“ഈ നീക്കത്തിൽ ഞാൻ ആവേശത്തിലാണ്. കളിസമയം കൂടുതൽ ലഭിക്കാനും ഗോളടിമികവിലേക്ക്‌ തിരികെയെത്താനും ഞാൻ ശ്രമിക്കുകയാണ്‌. മണിപ്പൂരിൽ നിന്നുള്ള എന്റെ ചില ടീമംഗങ്ങളെ എനിക്കറിയാം, ബാക്കിയുള്ളവരെയും കൂടി അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വെല്ലുവിളിയാണ്. പുതിയ സ്ഥലം, പുതിയ നിറങ്ങൾ, ഒരു പുതിയ ദൗത്യം. അത്‌ നിറവേറ്റാൻ ശ്രമിക്കും. എനിക്ക് ഈ അവസരം നൽകിയതിന് പരിശീലകനും മാനേജ്‌മെന്റിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു” ബിദ്യാഷാഗർ സിങ്‌ പറഞ്ഞു.

സൗരവ് മണ്ഡലിനും ബ്രൈസ് മിറാൻഡയ്ക്കും ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സമ്മർ സീസണിൽ കരാർ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ്‌ ബിദ്യാഷാഗർ സിങ്‌. വരാനിരിക്കുന്ന ഹീറോ ഐ‌എസ്‌എൽ 2022/23 സീസണിനായി ടീം തയ്യാറെടുക്കുമ്പോൾ ബിദ്യാഷാഗർ ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് പുതിയ മാനം നൽകും. യുഎഇയിൽ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുമ്പോൾ ദുബായിൽ വച്ച് ബിദ്യാഷാഗർ സഹതാരങ്ങളുമായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 20ന് യുഎഇ ഫസ്റ്റ് ഡിവിഷൻ ടീമായ അൽ നാസറിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം.

Story Highlight: Kerala Blasters FC bolster attack with striker Bidyashagar Singh