ഗോവ വീണു, കേരള ബ്ലാസ്റ്റേഴ്സ് പ്ലേഓഫിൽ!!

Nihal Basheer

Picsart 23 02 16 21 54 55 203
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു. എഫ് സി ഗോവ ഇന്ന് പരാജയപ്പെട്ടതോടെയാണ് ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് യോഗ്യത നേടിയത്‌. പ്ലേഓഫ് വഴികൾ നേരത്തെ അടഞ്ഞ ചെന്നൈയിന്, എഫ്സി ഗോവയുടെയും മുന്നോട്ടുള്ള വഴി ദുർഘടമാക്കി കൊണ്ട് വിജയം. കരികാരിയുടെ ഇരട്ട ഗോളുകൾ ആണ് ചെന്നൈയിൻ വിജയം സമ്മാനിച്ചത്. നിർണായക മത്സരത്തിന് ഇറങ്ങിയ ഗോവക്ക് അവസരങ്ങൾ ഒരുപാട് മെനഞ്ഞെടുക്കാൻ സാധിച്ചെങ്കിലും വിജയം നേടാൻ സാധിക്കാതെ പോയത് വലിയ നിരാശ നൽകും. ബെംഗളൂരുവിനെതിരായ ഒരു മത്സരം മാത്രം ശേഷിക്കുന്ന അവർക്ക് അതിൽ വിജയം നേടിയാൽ പോലും ഒഡീഷയുടെ രണ്ടു മത്സരങ്ങളുടെ ഫലത്തിന് വേണ്ടിയും കാത്തിരിക്കേണ്ടിയും വരും. തികച്ചും സാങ്കേതികമായ വഴികൾ മാത്രം മുന്നിലുള്ള ഗോവ ടീമിന് പ്ലേഓഫിലേക്ക് കടക്കാൻ വലിയ അത്ഭുതങ്ങൾ സംഭവിക്കണം.

20230216 215308

ആദ്യ പകുതിയിൽ ഒട്ടനവധി അവസരങ്ങൾ ആണ് ഗോവ സൃഷ്ടിച്ചെടുത്തത്. നോവ സാദോയ് തന്നെ ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചു. എന്നാൽ ചെന്നൈയിൻ ആണ് ആദ്യ ഗോൾ നേടിയത്. ബോക്സിനുള്ളിൽ ഇടത് ഭാഗത്ത് നിന്നും വിൻസി ബറേറ്റോ നൽകിയ പാസിൽ ഖ്വാമേ കരികാരിയാണ് ലക്ഷ്യം കണ്ടത്. ബ്രണ്ടൻ ഫെർണാണ്ടസിന്റെ നിരവധി ഫ്രീകിക്കുകൾ സമിക് മിത്രയുടെ സമയോചിത ഇടപെടലിൽ രക്ഷിച്ചെടുത്തു. ഇരുപത്തിനാലാം മിനിറ്റിൽ ഫ്രീകിക്കിൽ നിന്നും എഡു ബെഡിയയുടെ ഹെഡർ അവസരം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ എഫ്സി ഗോവ അർഹിച്ച സമനില ഗോൾ നേടിയെടുത്തു. ഗ്രൗണ്ടിന്റെ മധ്യഭാഗത്ത് നിന്നും എഡു ബെഡിയ നൽകിയ മികച്ചൊരു പാസിൽ ബോസ്‌കിനുള്ളിലേക്ക് കടന്ന് നോവ സാദോയി ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ എഴുപതിരണ്ടാം മിനിറ്റിലെ പെനാൽറ്റി വീണ്ടും സ്‌കോർഷീറ്റ് മാറ്റി മറിച്ചു. എഡു ബെഡിയ നൽകിയ മൈനസ് പാസ് അനിരുദ്ധ് ഥാപയിലേക്ക് എത്തിയപ്പോൾ തടുക്കാനുള്ള ധീരജിന്റെ ശ്രമം ഫൗളിൽ കലാശിക്കുകയായിരുന്നു. പെനാൽറ്റി എടുത്ത കരികാരിക്ക് പിഴച്ചില്ല. അവസാന മിനിറ്റുകളിൽ ചെന്നൈയിൻ പ്രതിരോധം കൂടുതൽ ഉറപ്പിച്ചപ്പോൾ ഗോവ വിയർത്തു. ഇതോടെ സമനില എങ്കിലും നേടാമെന്ന അവരുടെ പ്രതീക്ഷയും പൊലിഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് മാത്രമല്ല ബെംഗളൂരു എഫ് സിയും ഇന്നത്തെ ഫലത്തോടെ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു.