കടം വീട്ടണം!, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മോഹൻ ബഗാനെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ എടികെ മോഹൻ ബഗാനെ നേരിടും. ഇരു ടീമുകൾക്കും നിർണായകമായ മത്സരമാണ് ഇന്നത്തേത്. ഐഎസ്എൽ 2021-22 ന്റെ ഉദ്ഘാടന മത്സരത്തിൽ 4-2 കേരള ബ്ലാസ്റ്റേഴ്സിനെ മോഹൻ ബഗാൻ പരാജയപ്പെടുത്തിയിരുന്നു. ഇതിന് മറുപടി നൽകാനുള്ള സുവർണ്ണാവസരമാണ് കേരള ബ്ലാസ്റ്റേഴ്സിന് കൈവന്നിരിക്കുന്നത്‌.

നിലവിൽ 11 മത്സരങ്ങളിൽ തോൽവി അറിയാതെ കുതിക്കുന്ന മോഹൻ ബഗാൻ പോയന്റ് നിലയിൽ രണ്ടാമതാണ്. അതേ സമയം 26‌പോയന്റുമായി നാലാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. ലൂണ, വാസ്കസ്, ഡിയാസ് എന്നിവരുൾപ്പെട്ട അക്രമണ നിരയാണ് കേരള ബ്ലാസ്റ്റേഴ്സിനെ കരുത്തരാക്കുന്നത്‌. ആറ് ക്ലീൻ ഷീറ്റുകളുമായി മികച്ച പ്രകടനമാണ് പ്രതിരോധം കേരള ബ്ലാസ്റ്റേഴ്സിനായി ഒരുക്കുന്നത്‌. അതേ സമയം ഫെറാണ്ടോയുടെ കീഴിൽ മോഹൻ ബഗാൻ മികച്ച ഫോമിലാണ്. ലിസ്റ്റൺ കോലാകോയും മൻവീർ സിംഗും അടങ്ങുന്ന ഇന്ത്യൻ അക്രമണ നിരയാണ് ബഗാന്റെ ജയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അവസാന അഞ്ച് മത്സരങ്ങളിൽ നാലിലും ജയിക്കാൻ ബഗാനായിരുന്നു. ഗോവയിലെ തിലക് മൈദാനിൽ വൈകിട്ട് 7.30 നാണ് കിക്കോഫ്.