ഹൈദരാബാദ് ആധിപത്യം, ബെംഗളൂരുവിനെയും തോൽപ്പിച്ചു

ഐ എസ് എല്ലിലെ ഈ സീസണിലെ ഹൈദരാബാദ് എഫ് സിയുടെ മികച്ച പ്രകടനം തുടരുന്നു. ഒരു മത്സരത്തെ ഇടവേളയ്ക്ക് ശേഷം അവർ ഇന്ന് വീണ്ടും വിജയ വഴിയിലേക്ക് എത്തി. ബെംഗളൂരു എഫ് സിയെ നേരിട്ട ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് ആദ്യ 30 മിനുട്ടിൽ തന്നെ ഹൈദരാബാദ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി.

പതിനാറാം മിനുട്ടിൽ ഹവൈയർ സിവിയേരോ ആണ് ആദ്യ ഗോൾ നേടിയത്. 30ആം മിനുട്ടിൽ ക്യാപ്റ്റൻ ജാവോ വിക്ടറിന്റെ സ്ട്രൈക്ക് ഹൈദരബാദിന്റെ ലീഡ് ഇരട്ടിയാക്കി. ഇതിനു മറുപടി പറയാൻ ശ്രമിച്ച ബെംഗളൂരു അവസാനം 87ആം മിനുട്ടിൽ ചേത്രിയിലൂടെ ആണ് ആശ്വാസ ഗോൾ നേടിയത്. ഛേത്രിയുടെ ഐ എസ് എല്ലിലെ അമ്പതാം ഗോളായിരുന്നു ഇത്.

16 മത്സരങ്ങളിൽ 29 പോയിന്റുമായി ഹൈദരാബാദ് ലീഗിൽ ഒന്നാമത് നിൽക്കുന്നു. 23 പോയിന്റുള്ള ബെംഗളൂരു ലീഗിൽ മൂന്നാം സ്ഥാനത്താണ്.