ഐ എസ് എല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോവ ഇഞ്ച്വറി ടൈമിൽ പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിജയം ഉറപ്പിച്ചെന്ന് കരുതിയ അവസരത്തിലാണ് ഗോവ സമനില നേടിയത്. 92ആം മിനുട്ടിൽ നേടിയ ഗോളിൽ 2-2 എന്ന സമനിലയാണ് ഗോവ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിനെതിരെയും ഗോവ അവസാന നിമിഷം സമനില നേടിയിരുന്നു.
മത്സരത്തിൽ തുടക്കം മുതൽ ഇരുടീമുകലൂം തുടർ ആക്രമണം നടത്തുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിന്റെ 35ആം മിനുട്ടിൽ ഹ്യൂഗോ ബോമസിലൂടെ ഗോവയാണ് ആദ്യ മുന്നിൽ എത്തിയത്. ബ്രണ്ടന്റെ പാസിൽ നിന്നായിരുന്നു ഹ്യൂഗോയുടെ ഗോൾ. ആദ്യ പകുതിയിൽ ആ ലീഡ് നിലനിർത്താൻ ഗോവയ്ക്ക് ആയി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി.
കളിയുടെ 54ആം മിനുട്ടിൽ ജ്യാനിലൂടെ നോർത്ത് ഈസ്റ്റിന്റെ മറുപടി ഗോൾ വന്നു. ക്യാപ്റ്റൻ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഗോൾ നേടുന്നത്. കളിയുടെ 74ആം മിനുട്ടിൽ റെഡീം വിജയ ഗോളും നേടി. അവസാന നിമിഷം ഗോവയുടെ ദംഗൽ ചുവപ്പ് വാങ്ങിയതോടെ ഗോവ പരാജയം സമ്മതിച്ചു എന്നാണ് കരുതിയത്. എന്നാൽ സബായി എത്തിയ മൻവീർ ഒരു അവസാന നിമിഷ ഗോളുമായി ഗോവയെ രക്ഷിച്ചു. ഇരു ടീമിനും ഇത് സീസണിലെ രണ്ടാം സമനിലയാണ്.