മലയാളി യുവതാരം എമിൽ ബെന്നി ഇനി നോർത്ത് ഈസ്റ്റിൽ | Report

ഗോകുലം കേരളക്കായി ഗംഭീര പ്രകടനം നടത്തിയ യുവതാരം എമിൽ ബെന്നി ഇനി ഐ എസ് എല്ലിൽ. എമിലിനെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തമാക്കി‌. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. എമിലുമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. വയനാട് സ്വദേശിയായ എമിൽ 2020 മുതൽ ഗോകുലം കേരളക്ക് ഒപ്പം ഉണ്ടായിരുന്നു.

ഗോകുലം കേരളക്കായി കഴിഞ്ഞ സീസണിൽ എ എഫ് സി കപ്പിൽ അടക്കം 21 മത്സരങ്ങൾ കളിച്ചിരുന്നു. ഒരു ഗോളും മൂന്ന് അസിസ്റ്റും ടീമിനായി താരം സംഭാവന ചെയ്തു. 2 ഐ ലീഗ് കിരീടങ്ങൾ നേടിയ എമിൽ 2020-21 ഐ ലീഗ് സീസണിൽ എമേർജിങ് പ്ലയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആ സീസൺ ഐ ലീഗിലെ മികച്ച ടീമിലും എമിൽ ഉണ്ടായിരുന്നു.

മുമ്പ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനൊപ്പം എമിൽ ഉണ്ടായിരുന്നു. 21കാരനായ എമിൽ ബെന്നി എം എസ് പി അക്കാദമയിലൂടെ വളർന്നു വന്ന താരമാണ്.