ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫിലെ അവസാന സ്ഥാനം ചെന്നൈയിൻ സ്വന്തമാക്കി. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഈസ്റ്റ് ബംഗാൾ പഞ്ചാബിനോട് പരാജയപ്പെട്ടതോടെയാണ് ചെന്നൈയിന്റെ പ്ലേ ഓഫ് യോഗ്യത ഉറപ്പായത്. ഇന്ന് വിജയം നിർബന്ധമായിരുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാൾ ഒന്നിനെതിരെ നാല് ഗോളിന്റെ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
പഞ്ചാബിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് ഒരു ഘട്ടത്തിൽ പോലും ആധിപത്യം പുലർത്താനോ മികച്ച പ്രകടനം നടത്താനോ ആയില്ല. പത്തൊമ്പതാം മിനിറ്റിൽ ജോർദാന്റെ ഗോളിലൂടെയാണ് പഞ്ചാബ് ലീഡ് എടുത്തത്. യുവതാരം ബാനർജിയിലൂടെ 25ആം മിനിറ്റിൽ ഈസ്റ്റ് ബംഗാൾ സമനില പിടിച്ചുവെങ്കിലും പിന്നീട് പഞ്ചാബ് കരുത്താർജിച്ചു.
43ആം മിനുട്ടിൽ മദഹി തലാൽ ഗോൾ നേടിയതോടെ പഞ്ചാബ് വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയിൽ ജോർദനും ലൂക്കയും കൂടി ഗോൾ നേടിയതോടെ ഈസ്റ്റ് ബംഗാളിന്റെ പരാജയം ഉറപ്പായി. 24 പോയിന്റുമായി ഈസ്റ്റ് ബംഗാൾ സീസൺ അവസാനിപ്പിച്ചു. 27 പോയിന്റുള്ള ചെന്നൈയിൻ എഫ്സിയെ മറികടക്കാൻ ഇനി പിറകിൽ ഉള്ള ഒരു ടീമിനും ആകില്ല.
ഇതോടെ പ്ലേ ഓഫിലെ 6 ടീമുകളും തീരുമാനമായി. മോഹൻ ബഗാൻ, മുംബൈ സിറ്റി, ഒഡീഷ് എഫ് സി, എഫ് സി ഗോവ, കേരള ബ്ലാസ്റ്റേഴ്സ്, ചെന്നൈയിൻ എന്നിവരാണ് പ്ലേ ഒഫ് കളിക്കുക.