രണ്ടാം സ്ഥാനം ലക്‌ഷ്യംവെച്ച് ചെന്നൈയിൻ ഡൽഹിയിൽ

അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനാമോസ് ഇന്ന് രണ്ടാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് കനത്ത തോൽവിയേറ്റുവാങ്ങിയാണ് ചെന്നൈയിൻ ഡൽഹിയിലെത്തിയത്. അതെ സമയം രണ്ടാഴ്ചത്തെ ദീർഘമായ ഇടവേളക്ക് ശേഷമാണു ഡൽഹി ഇന്നിറങ്ങുന്നത്. അവസാനം ഡൽഹി ഇറങ്ങിയപ്പോൾ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പരാജയപ്പെടുകയായിരുന്നു.

ലീഗിൽ 6 മത്സരങ്ങൾ ബാക്കിയുള്ള ഡൽഹിക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു കഴിഞ്ഞു. അത് കൊണ്ട് തന്നെ സൂപ്പർ കപ്പിന് വേണ്ടിയുള്ള ആറാം സ്ഥാനം തേടിയാവും ഡൽഹി ഇന്നിറങ്ങുക. 12മത്സരങ്ങളിൽ നിന്ന് വെറും 7 പോയിന്റ് മാത്രമുള്ള ഡൽഹി ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിച്ചാലും 25 പോയിന്റ് മാത്രമേ ലഭിക്കു. ഡൽഹി നിരയിൽ പരിക്ക് മൂലം ആൽബിനോ ഗോമസ്, പ്രീതം കോട്ടൽ, അർണാബ് ദാസ് എന്നിവർ ഇന്നത്തെ മത്സരത്തിന് ഉണ്ടാവില്ല.

ചെന്നൈയിൻ ആവട്ടെ ബെംഗളുരുവിനോട് ഏറ്റ കനത്ത പരാജയം മറക്കാൻ ഇന്ന് ജയം കൂടിയേ തീരു. ബെംഗളുരുവിനെതിരെ ജെജെ നഷ്ടപ്പെടുത്തിയ പെനാൽറ്റിയാണ് ചെന്നൈയിന് വിനയായത്. പെനാൽറ്റി ഗോളാക്കി സമനില നേടാൻ ജെജെക്ക് കിട്ടിയ അവസരം താരം നഷ്ട്ടപെടുത്തുകയായിരുന്നു. ജാംഷഡ്‌പൂർ കഴിഞ്ഞ മത്സരം ജയിച്ചതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ചെന്നൈയിന് പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇന്ന് വിജയം അത്യവശ്യമാണ്. നേരത്തെ ചെന്നൈയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-2ന് ഡൽഹി ചെന്നൈയിനെ സമനിലയിൽ പിടിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial