മൂന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ലിവർപൂൾ ഇന്ന് സൗത്താംപ്ടനെതിരെ

വാൻ ഡയ്ക്കിന്‌ ഇന്ന് ലിവർപൂൾ കളിക്കാരൻ എന്ന നിലയിൽ ഇന്ന് പഴയ തട്ടകത്തിലേക്ക് ആദ്യ മടക്കം. ലിവർപൂൾ ഇന്ന് സൗത്താംപ്ടണിൽ എത്തുമ്പോൾ ഏറ്റവും വലിയ പ്രത്യേകതയും അത് തന്നെയാവും. സ്പർസിനോട് സമനില വഴങ്ങിയ ശേഷം ആദ്യമായി കളത്തിൽ ഇറങ്ങുന്ന ലിവർപൂൾ ജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്താനാവും ശ്രമിക്കുക.

സൗത്താംപ്ടൻ നിരയിൽ കാര്യമായ പരിക്ക് ഭീഷണി ഇല്ല. മനോല ഗാബിയദീനി പരിക്ക് മാറി തിരിച്ചെത്തിയിട്ടുണ്ട്. ലിവർപൂൾ നിരയിലേക്ക് ക്ലാവൻ, മോറെനോ എന്നിവർ തിരിച്ചെത്തും. പരിക്കേറ്റ ജോ ഗോമസ് ഇന്ന് കളിക്കാൻ ഇടയില്ല. അലക്‌സാണ്ടർ അർണോൾഡ് ടീമിലെ സ്ഥാനം നില നിർത്തിയേക്കും.

മികച്ച ഫോം തുടരുന്ന ലിവർപൂൾ ആക്രമണ നിരയെ തടുക്കുക എന്നത് തന്നെയാവും സൗത്താംപ്ടൻ നേരിടുന്ന പ്രധാന വെല്ലുവിളി. മുൻ സൗത്താംപ്ടൻ താരങ്ങൾ കൂടിയായ ലല്ലാന, മാനെ, ചേമ്പർലൈൻ എന്നിവരെല്ലാം ലിവർപൂൾ ആക്രമണത്തിന്റെ മൂർച്ച കൂട്ടുന്നവരാണ്. സമീപ കാലത്തായി വീണ്ടെടുത്ത ഫോം നിലനിർത്താൻ സൗത്താംപ്ടൻ ശ്രമിക്കുമ്പോൾ ക്ളോപ്പിനും സംഘത്തിനും കാര്യങ്ങൾ എളുപ്പമാവാൻ ഇടയില്ല. ഇന്ത്യൻ സമയം രാത്രി 10 നാണ് കിക്കോഫ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial