വിജയം കൈവിട്ട് ജംഷദ്പൂർ, തിരിച്ചുവന്ന് സമനില നേടി ചെന്നൈയിൻ എഫ്സി

Nihal Basheer

Chennaiyinjamshedpur
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടു ഗോൾ ലീഡ് വഴങ്ങിയ ശേഷം തിരിച്ചടിച്ചു സമനില നേടി ചെന്നൈയിൻ എഫ്സി. ജംഷദ്പൂരിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ രണ്ടു ഗോളുകൾ വീതമിടച്ചു ഇരു ടീമുകളും പിരിഞ്ഞു. ആതിഥേയർക്കായി റിത്വിക് ദാസ് ഇരട്ട ഗോളുകൾ നേടിയപ്പോൾ, വിൻസി ബറെറ്റോ, സ്ലിസ്കൊവിച്ച് എന്നിവർ ചെന്നൈയിനായി വല കുലുക്കി. സീസണിലെ രണ്ടാമത്തെ മാത്രം വിജയം കൈയ്യിൽ നിന്നും വഴുതിയ ജംഷദ്പൂർ പത്താമത്‌ തുടരുകയാണ്. ചെന്നൈയിൻ ഏഴാമതാണ് പോയിന്റ് പട്ടികയിൽ.

സ്വന്തം തട്ടകത്തിൽ ജേഷദ്പൂരിന് തന്നെ ആയിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കം. ഇതിനിടയിലും ചെന്നൈയിന് ലഭിച്ച സുവർണാവസരങ്ങൾ നിർഭാഗ്യം കൊണ്ടു മാത്രം ഗോളിൽ നിന്നും അകന്ന് നിന്നു. പത്താം മിനിറ്റിൽ തന്നെ വിൻസി ബറെറ്റോയുടെ ഹെഡർ പോസ്റ്റിൽ കൊണ്ടു മടങ്ങിയപ്പോൾ ചെന്നൈയിൻ ആരാധകർ നേടുവീർപ്പിട്ടു. പതിനേഴാം മിനിറ്റിൽ ജംഷദ്പൂരിന്റെ ഗോൾ എത്തി. പാസുകൾ കോർത്തിണക്കിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ മൈതാന മധ്യത്തിന് അടുത്തു നിന്നും റാഫേൽ ക്രിവെല്ലരോ ബോക്സിലേക്ക് നീട്ടി നൽകിയ പാസ് പിടിച്ചെടുത്ത റിത്വിക് ദാസ് ആണ് ഗോൾ കണ്ടെത്തിയത്. ചെന്നൈയിന്റെ മുന്നേറ്റം തടയാൻ പരുക്കൻ അടവുകൾ പുറത്തെടുത്ത പ്രോ നയ്യും എലി സബിയയും മഞ്ഞക്കാർഡ് കണ്ടു. അതേ സമയം ജംഷദ്പൂർ ബോക്സിനുള്ളിൽ വെച്ചു നടത്തിയ ഫൗളിന് റഫറി പെനാൽറ്റി വിധിക്കാതിരുന്നതും ചെന്നൈയിന് തിരിച്ചടി ആയി.

അൻപത്തിയാറാം മിനിറ്റിൽ ജംഷദ്പൂരിനെ അടുത്ത ഗോൾ എത്തി. ബോസ്‌കിനുള്ളിൽ രണ്ടു പ്രതിരോധ താരങ്ങളെ മറികടന്ന് മികച്ച ഒരു ഫിനിഷിങിലൂടെ റിത്വിക് ഒരിക്കൽ കൂടി പന്ത് വലയിൽ എത്തിച്ചു. എന്നാൽ ചെന്നൈയിൻ തിരിച്ചടി തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. രണ്ടാം ഗോൾ വഴങ്ങി വെറും നാല് മിനിറ്റിനു ശേഷം സന്ദർശകരുടെ ആദ്യ ഗോൾ എത്തി. ജംഷദ്പൂർ ബോക്സിനുള്ളിൽ ഒരു ഡിഫ്‌ലക്ഷനോടെ പന്ത് വിൻസി ബറെറ്റോയിൽ എത്തുമ്പോൾ താരത്തെ മാർക് ചെയ്യാൻ പ്രതിരോധ താരങ്ങൾ ആരും ഉണ്ടായിരുന്നില്ല. വിൻസി അനായാസം പന്ത് വലയിൽ എത്തിച്ചു. അറുപതുയെട്ടാം മിനിറ്റിൽ ഇടത് വിങ്ങിൽ നിന്നും ആകാശ് സാങ്വാൻ നൽകിയ ക്രോസിൽ കൃത്യമായി കാൽ വെച്ച സ്ലിസ്കോവിച്ച് ചെന്നൈയിന് സമനില ഗോൾ സമ്മാനിച്ചു.