രണ്ട് പുതിയ സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി

- Advertisement -

പുതിയ ഐ എസ് എൽ സീസണായുള്ള രണ്ട് സൈനിംഗുകൾ ബെംഗളൂരു എഫ് സി പൂർത്തിയാക്കി. ഗോൾകീപ്പർ ലാൽതുമാവിയ റാൾട്ടെ, ഡിഫൻഡർ പ്രതീക് ചൗധരി എന്നിവരാണ് ബെംഗളൂരു എഫ് സിയിൽ എത്തിയത്. ഇരുവരും രണ്ട് വർഷത്തേക്കുള്ള കരാർ ഒപ്പുവെച്ചതായി ബെംഗളൂരു എഫ് സി ഔദ്യോഗികമായി അറിച്ചു.

റാൾട്ടെയ്ക്ക് ഇത് ബെംഗളൂരു എഫ് സിയിലേക്കുള്ള തിരിച്ചുവരവാണ്. എഫ് സി ഗോവയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ ഈസ്റ്റ് ബംഗാളിൽ ആയിരുന്നു റാൾട്ടെ അവസാന വർഷം കളിച്ചിരുന്നത്. ഒരു വർഷം മുമ്പുള്ള ഐ എസ് എൽ സീസണിൽ ലോണടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സിലും റാൾട്ടെ എത്തിയിരുന്നു. മിസോറാം ഗോൾകീപ്പർ ലാൽതുവമാവിയ റാൾട്ടെ മുമ്പ് ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും ഭാഗമായിട്ടുണ്ട്. ബെംഗളൂരുവിൽ ഗുർപ്രീതിന് പിറകിൽ രണ്ടാം ഗോൾ കീപ്പർ ആയായിരിക്കും റാൾട്ടെ കളിക്കുക.

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം പ്രതീക് ചൗധരി മുംബൈ സിറ്റി എഫ് സിവിട്ടാണ് ബെംഗളൂരുവിൽ എത്തുന്നത്. കഴിഞ്ഞ സീസണിൽ ആയിരുന്നു ജംഷദ്പൂർ വിട്ട് ഡിഫൻഡറായ പ്രതീക് മുംബൈ സിറ്റിയുമായി കരാറിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങളിൽ താരം മുംബൈ സിറ്റിക്കായി കളിച്ചിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും താരം സംഭാവന ചെയ്തു.

ഡിഫൻസിൽ എല്ലാ പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ്. മോഹൻ ബഗാനു വേണ്ടിയും മുംബൈ എഫ് സിയിലും, ഡെൽഹി ഡൈനാമോസിലും താരം മുമ്പ് കളിച്ചിട്ടുണ്ട്. 30കാരനായ പ്രതീക് 2016ൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ ടീമിനൊപ്പം ഉണ്ടായിരുന്നു.

Advertisement