ആവേശമായി ഗോവ ബെംഗളൂരു പോരാട്ടം, അംഗുളോയുടെ മികവിൽ ഗോവൻ തിരിച്ചടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിന്റെ ആവേശം ഇന്നാണ് വന്നത് എന്ന് പറയാം. ആദ്യ രണ്ടു ദിവസത്തെ മത്സരങ്ങൾ വിരസമായിരുന്നു എങ്കിൽ ഇന്ന് ഒരു ത്രില്ലറാണ് ഗോവയിൽ കണ്ടത്. തുടക്കത്തിൽ ഗോവയ്ക്ക് ബെംഗളൂരു എഫ് സിയുടെ ഫിസിക്കൽ ഫുട്ബോളിന് മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. നിലത്തൂട്ടെ അല്ലാതെ ഏരിയൽ പവറിൽ വിശ്വസിച്ച് കളിച്ച ബെംഗളൂരു എഫ് സി ഒരു ലോങ് ത്രോയിലൂടെയാണ് തങ്ങളുടെ ആദ്യ ഗോൾ നേടിയത്.

ലോങ് ത്രോയുടെ അവസാനം ഹെഡ് ചെയ്ത് ക്ലെയ്റ്റൻ സിൽവ ബെംഗളൂരു എഫ് സിയെ മുന്നിൽ എത്തിച്ചു. ബ്രസീലിയൻ താരത്തിന്റെ ബെംഗളൂരു കരിയറിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. ആദ്യ പകുതിയിൽ ഈ ഗോൾ അല്ലാതെ അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. രണ്ടാം പകുതിയിലാണ് മത്സരം കുറച്ചു കൂടെ ആവേശകരമായത്.

57ആം മിനുട്ടിൽ ജുവാനനിലൂടെ ബെംഗളൂരു എഫ് സി ലീഡ് ഇരട്ടിയാക്കി. രണ്ട് ഹെഡർ പാസുകൾക്ക് ശേഷം ജുവാനന്റെ വലം കാൽ സ്ട്രൈക്ക് ഗോവൻ കീപ്പർ നവാസിനെ കീഴ്പ്പെടുത്തുക ആയിരുന്നു. കളി ബെംഗളൂരു സ്വന്തമാക്കുക ആണെന്ന് കരുതി. പക്ഷേ ഫെറണ്ടോയുടെ ഗോവ കളി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. ബ്രാണ്ടൺ ഫെർണാണ്ടസ് സബ്ബായി എത്തിയത് ഗോവൻ നിരയെ ഉണർത്തി.

66ആം മിനുട്ടിൽ ഗോവയുടെ വലിയ സൈനിംഗ് ആയ ഇഗോർ അംഗുളോ ഗുർപ്രീതിനെ മറികടന്ന് ഗോവയുടെ സീസണിലെ ആദ്യ ഗോൾ നേടി. സ്കോർ 1-2. നൊഗുവേരയുടെ പാസിൽ നിന്നായിരുന്നു ആ ഗോൾ. രണ്ട് മിനുട്ടുകൾക്ക് അകം ഗോവയുടെ രണ്ടാം ഗോളും വന്നും. വീണ്ടും ഇഗോർ അംഗുളോ തന്നെ ഹീറോ. ബ്രാണ്ടന്റെ ക്രോസിൽ നിന്ന് നെഞ്ച് കൊണ്ടായിരുന്നു അംഗുളോ രണ്ടാം ഗോൾ നേടിയത്. രണ്ട് ടീമുകളും വിജയ ഗോളിനായി അവസാനം വരെ ശ്രമിച്ചു എങ്കിലും മത്സരം 2-2 എന്ന സ്കോറിൽ തന്നെ അവസാനിച്ചു. ഇഞ്ച്വറി ടൈമിൽ ഗുർപ്രീതിന്റെ ഒരു സേവ് ബെംഗളൂരുവിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു.