കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ബെംഗളൂരുവിന് എതിരെ, പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ജയിക്കണം

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഐ എസ് എല്ലിൽ വീണ്ടും ഇറങ്ങുകയാണ്‌. ഇന്ന് വൈരികളായ ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടാൻ ഉള്ളത്. മികച്ച പ്രകടനങ്ങൾ നടത്താൻ ആകുന്നുണ്ട് എങ്കിലും വിജയിക്കാൻ ആകുന്നില്ല എന്നത് ടീമിന് പ്രശ്നമാണ്. വിജയിച്ച് നിൽക്കുമ്പോൾ ലീഡ് തുലക്കുന്നതും ടീമിന് പ്രശ്നമാണ്‌. കഴിഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെയും ഇതായിരുന്നു കണ്ടത്.

ബെംഗളൂരു എഫ് സിയെ തോൽപ്പിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെയും ആവശ്യമാണ്. ലീഗിൽ ഇതുവരെ ഏഴ് തവണ ഏറ്റുമുട്ടിയിട്ടും ആകെ ഒരു തവണ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിന് ബെംഗളൂരു എഫ് സിയെ തോല്പ്പിക്കാൻ ആയത്. ലീഗിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ വലിയ പരാജയം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുവാങ്ങിയിരുന്നു. പക്ഷെ ബെംഗളൂരു ഇപ്പോൾ വളരെ മോശം ഫോമിലാണ് ഉള്ളത്.

അവസാനം കളിച്ച അഞ്ചു ലീഗ് മത്സരങ്ങളിൽ നാലിലും ബെംഗളൂരു എഫ് സി പരാജയപ്പെട്ടു. മാത്രമല്ല അവരുടെ പ്രധാന താരം ദിമാസ് ദെൽഗാഡോ സ്പെയിനിലേക്ക് തിരികെ പോയതും ബെംഗളൂരു എഫ് സിക്ക് പ്രശ്നമാണ്. കേരള ബ്ലാസ്റ്റേഴ്സിന് പരിക്ക് ചെറിയ ആശങ്ക നൽകുന്നുണ്ട്. ഫകുണ്ടോ, ജെസൽ എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഇപ്പോഴും സംശയത്തിലാണ്. പരിക്ക് മാറിയ കോനെ ഇന്ന് തിരികെ ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുന്നത്.