ഇന്ന് ഇന്ത്യക്ക് ജീവന്മരണ പോരാട്ടം, ഫൈനലിൽ എത്താൻ മാൽഡീവ്സിനെ തോൽപ്പിക്കണം

സാഫ് കപ്പിൽ ഇന്ന് ഇന്ത്യക്ക് അതിനിർണായക പോരാട്ടമാണ്. ഇന്ന് ഫൈനലിലേക്ക് എത്താൻ ഇന്ത്യക്ക് വിജയം നിർബന്ധമാണ്. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്ത് നിൽക്കുകയാണ്. 6 പോയിന്റുമായി നേപ്പാളും മാൽഡീവ്സും ആണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഉള്ളത്. ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ മാത്രമെ ഫൈനലിൽ എത്താൻ സാധിക്കുകയുള്ളൂ. ഇന്ന് ഇന്ത്യ മാൽഡീവ്സിനെ നേരിടുമ്പോൾ മറ്റൊരു മത്സരത്തിൽ നേപ്പാളും ബംഗ്ലാദേശും ഏറ്റുമുട്ടുന്നുണ്ട്.

ബംഗ്ലാദേശിന് 4 പോയിന്റ് ഉള്ളതിനാൽ വിജയിച്ചാൽ അവർക്കും ഫൈനൽ സാധ്യത ഉണ്ട്. ആദ്യ രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയ ഇന്ത്യ സമനില അവസാന മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച് ഫോമിൽ എത്തിയിട്ടുണ്ട്‌. എങ്കിലും ഇന്ത്യയുടെ ഇതുവരെ ഉള്ള പ്രകടനങ്ങൾ അത്ര തൃപ്തികരമല്ല. ഗോളടിക്കാൻ ഛേത്രി മാത്രമേ ഉള്ളൂ എന്നതും പ്രശ്നമാണ്. പരിക്കേറ്റ ഫറൂഖ് ഇന്ന് ഇന്ത്യൻ ടീമിനൊപ്പം ഉണ്ടാകില്ല.

ഇന്ന് രാത്രി 9.30നാണ് ഇന്ത്യ മാൽഡീവ്സ് മത്സരം. കളി തത്സമയം യൂറോ സ്പോർടിലും ജിയോ ടിവിയിലും കാണാം. നേപ്പാൾ ബംഗ്ലാദേശ് മത്സരം വൈകിട്ട് 4.30നാണ്.