CricketFeatured

ആദ്യ ടെസ്റ്റിൽ പാക്കിസ്ഥാനെ 90 റൺസിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്

Pakistan

പാക്കിസ്ഥാന്റെ വെസ്റ്റിന്‍ഡീസ് ടൂറിന്റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയം നേടി വെസ്റ്റിന്‍ഡീസ്. 90 റൺസിന്റെ വിജയം ആണ് ആതിഥേയര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് തങ്ങളുടെ ആദ്യ ഇന്നിംഗ്സിൽ 311 റൺസ് നേടിയപ്പോള്‍ പാക്കിസ്ഥാന്‍ 282 റൺസിന് പുറത്തായി.

നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ വെസ്റ്റിന്‍ഡീസ് രണ്ടാം ഇന്നിംഗ്സിൽ വെറും 181 റൺസിന് ഓള്‍ഔട്ട് ആയി. ഇതോടെ 211 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് എന്നാൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിൽ 120 റൺസ് മാത്രമേ നേടാനായുള്ളു.

Westindies

ആദ്യ ഇന്നിംഗ്സിൽ വെസ്റ്റിന്‍ഡീസിനായി 92 റൺസുമായി ഷായി ഹോപ് ടോപ് സ്കോറര്‍ ആയപ്പോള്‍ 84 റൺസുമായി കവീം ഹോഡ്ജ് തിളങ്ങി. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് അലി നാലും മൊഹമ്മദ് അബ്ബാസ് 3 വിക്കറ്റും നേടി.

പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സിൽ ഷാന്‍ മസൂദ് 109 റൺസുമായി തിളങ്ങിയെങ്കിലും ഇമാം ഉള്‍ ഹഖ് (63) ഒഴികെ മറ്റാരും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാതെ പോയത് ടീമിന് തിരിച്ചടിയായി. വെസ്റ്റിന്‍ഡീസിന് വേണ്ടി ജസ്റ്റിന്‍ ഗ്രീവ്സ് 5 വിക്കറ്റ് നേടി. കെമര്‍ റോച്ചും ഷമാര്‍ ജോസഫും 2 വീതം വിക്കറ്റ് നേടി.

Westindies

വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്സിൽ ഷമാര്‍ ജോസഫ് 38 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ ടാഗ്‍നരൈന്‍ ചന്ദര്‍പോള്‍ 35 റൺസ് നേടി. പാക്കിസ്ഥാന് വേണ്ടി മൊഹമ്മദ് അബ്ബാസ് 5 വിക്കറ്റ് നേടിയപ്പോള്‍ ഖുറം ഷഹ്സാദും മൊഹമ്മദ് അലിയും രണ്ട് വീതം വിക്കറ്റ് നേടി.

രണ്ടാം ഇന്നിംഗ്സിൽ പാക്കിസ്ഥാന്‍ 120 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ വിന്‍ഡീസ് ബൗളിംഗിൽ ജെയ്ഡൻ സീൽസ് അഞ്ചും ജസ്റ്റിന്‍ ഗ്രീവ്സ് 2 വിക്കറ്റും നേടി. 58 റൺസുമായി പുറത്താകാതെ നിന്ന ബാബര്‍ അസം മാത്രമാണ് പാക് നിരയിൽ പൊരുതി നോക്കിയത്.

Pakwestindies

അവസാന വിക്കറ്റിൽ അബ്ബാസും ബാബറും ചേര്‍ന്ന് 49 റൺസ് നേടിയാണ് പാക്കിസ്ഥാനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. അബ്ബാസ് 23 റൺസ് നേടി പുറത്താകുകയായിരുന്നു.