നാളെ മുതൽ ഇന്ത്യയിൽ ഫുട്ബോൾ മൈതാനങ്ങൾ ഉണരും, തത്സമയം കാണാം

20201007 192420
- Advertisement -

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിൽ ഫുട്ബോൾ പുനരാരംഭിക്കുകയാണ്‌. കൊറോണ ഭീതി വന്നതോടെ അവസാനിച്ച ഫുട്ബോൾ പോരാട്ടങ്ങൾക്ക് ഇന്ന് ഐ ലീഗ് യോഗ്യതാ പോരാട്ടങ്ങളോടെ പുതു ജീവൻ വെക്കും. ഈ വർഷത്തെ സെക്കൻഡ് ഡിവിഷൻ ഐലീഗ് ഫൈനൽ റൗണ്ട് ആണ് ഐ ലീഗ് യോഗ്യത പോരാട്ടമായി നടത്തുന്നത്. കൊൽക്കത്തയിൽ വെച്ച് ആണ് മത്സരങ്ങൾ.

ഇന്ന് രണ്ട് മത്സരങ്ങൾ ആണ് നടകുന്നത്. 12.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ബെംഗളൂരു യുണൈറ്റഡ് ബവാനിപൂർ എഫ് സിയെ നേരിടും. 4.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ മൊഹമ്മദൻ സ്പോർടിംഗ് ഗർവാൽ എഫ് സിയെ നേരിടും. സെക്കൻഡ് ഡിവിഷൻ വിജയിക്കും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്ന ടീമാണ് മൊഹമ്മദൻസ്. അത്ര മികച്ച സ്ക്വാഡുമായാണ് മൊഹമ്മദൻസ് എത്തുന്നത്. മലയാളി താരം ഗനി നിഗം മൊഹമ്മദൻസിനായി കളിക്കുന്നുണ്ട്. മലയാളികളായ അഫ്ദാൽ, മുഹമ്മദ് സഫീർ എന്നിവർ ഗർവാൽ എഫ് സിക്കായും ഇറങ്ങും.

മത്സരങ്ങൾ തത്സമയം വൺ സ്പോർട്സ് ചാനലിൽ കാണാം. അവരുടെ ഫേസ്ബുക്ക് പേജിലും സ്ട്രീമിങ് ഉണ്ടാകും. അഞ്ച് ടീമുകൾ മാത്രമെ ഇത്തവണ ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടുന്നുള്ളൂ. കൊൽക്കത്തൻ ക്ലബുകളായ മൊഹമ്മദൻ സ്പോർടിംഗ്, ബവാനിപൂർ എഫ് സി, ഡെൽഹി ക്ലബായ ഗർവാൽ എഫ് സി, അഹമ്മദബാദ് ക്ലബായ അര എഫ് സി, കർണാടക ക്ലബായ ബെംഗളൂരു യുണൈറ്റഡ് എന്നിവരാണ് ഐലീഗ് പ്രൊമോഷൻ ലക്ഷ്യം വെച്ച് പോരിന് ഇറങ്ങുന്നത്. കേരള ക്ലബായ എഫ് സി കേരള അടക്കം മൂന്ന് ക്ലബുകൾ നേരത്തെ ടൂർണമെന്റിൽ നിന്ന് പിൻവാങ്ങുന്നതായി അറിയിച്ചിരുന്നു. ലീഗിൽ എല്ലാ ടീമുകളും ഒരു തവണ വീതം ഏറ്റുമുട്ടും. ഇതിൽ ആദ്യ ഫിനിഷ് ചെയ്യുന്ന രണ്ട് ടീമുകൾ ഫൈനലിൽ ഏറ്റുമുട്ടും. വൈബികെ സ്റ്റേഡിയവും കല്യാണി സ്റ്റേഡിയവും ആകും വേദി ആവുക.

Advertisement