ഐലീഗിൽ രണ്ട് ക്ലബുകൾക്ക് നേരിട്ട് പ്രവേശനം. ഈ വർഷം സുദേവ എഫ് സിയെയും അടുത്ത സീസണിൽ ശ്രീനിധി എഫ് സിയെയും ഐലീഗിലേക്ക് എടുക്കാൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്. ഡെൽഹി ക്ലബായ സുദേവയ്ക്ക് ഈ സീസണിൽ തന്നെ ഐലീഗിൽ കളിക്കാം. ഡെൽഹിയിൽ നിന്നുള്ള ഏക ഐ ലീഗ് ക്ലബ് ആകും സുദേവ. ഐ ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കാനായി മൂന്ന് ക്ലബുകൾ ആണ് ഇത്തഗ്ണ അപേക്ഷ സമർപ്പിച്ചിരുന്നത്.
അതിൽ നിന്നാണ് സുദേവ എഫ് സിയെയും ശ്രീനിധിയെയും തിരഞ്ഞെടുത്തത്. വിശാഖപട്ടണത്തിൽ നിന്നുള്ള ശ്രീനിധി ഫുട്ബോൾ ക്ലബ് അടുത്ത സീസണിൽ ലീഗിന്റെ ഭാഗമാകും. ഇതോടെ 2021-23 സീസൺ ഐലീഗിൽ 13 ക്ലബുകളാകും. ഷില്ലോങിൽ നിന്നുള്ള റൈന്റിഹ് ക്ലബിന്റെ അപേക്ഷ മാത്രമാണ് ഇത്തവണ തള്ളിയത്.
മോഹൻ ബഗാൻ ഐ ലീഗ് വിടുന്ന ഒഴിവിൽ ആണ് ഈ സീസണിൽ ഒരു ക്ലബിന് നേരിട്ട് പ്രവേശനം ലഭിക്കുന്നത്. മികച്ച അക്കാദമി ഉള്ള സുദേവ എഫ് സി ദേശീയ യൂത്ത് ലീഗുകളിൽ സ്ഥിര സാന്നിദ്ധ്യമാണ്. 2014ൽ ആരംഭിച്ച ക്ലബ് നേരത്തെ സെക്കൻഡ് ഡിവിഷൻ ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ഡെൽഹി അംബേദ്കർ സ്റ്റേഡിയമാകും സുദേവയുടെ ഹോം ഗ്രൗണ്ട്. ഈ സീസണിൽ നവംബറിൽ ഐ ലീഗ് ആരംഭിക്കാൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്. നേരിട്ട് പ്രവേശനം ലഭിക്കുന്ന ക്ലബ് ആയത് കൊണ്ട് ആദ്യ സീസണിൽ സുദേവ റിലഗേഷൻ നേരിടേണ്ടതില്ല.