2021ലും ഇന്ത്യയ്ക്കായി കളിക്കാനാകുമെന്നാണ് കരുതുന്നതെന്ന് – മിത്താലി രാജ്

വനിത ഏകദിന ലോകകപ്പ് മാറ്റുവാന്‍ തീരുമാനിച്ച ഐസിസിയുടെ തീരുമാനം നിരാശാജനകമാണെങ്കിലും അതായിരുന്നു താരങ്ങളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഐസിസിയ്ക്ക് എടുക്കുവാന്‍ കഴിയുന്ന ഏറ്റവും മികച്ച തീരുമാനമെന്ന് അഭിപ്രായപ്പെട്ട് മിത്താലി രാജ്. ഈ തീരുമാനം ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ് വൈകിപ്പിച്ചേക്കാമെങ്കിലും താരങ്ങള്‍ക്ക് ലോകകപ്പിന് മുമ്പ് തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ സഹായകരമാകുമെന്നാണ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ പറയുന്നത്.

കോവിഡ് കാരണം ഇന്ത്യയുടെ ആഭ്യന്തര സീസണ്‍ ഒക്ടോബര്‍ നവംബറില്‍ മാത്രമേ നടക്കുകയുള്ളുവായിരുന്നു. ലോകകപ്പ് ഫെബ്രുവരിയിലാണ് നടക്കുവാനിരുന്നത്, അതിനര്‍ത്ഥം മൂന്ന് മാസത്തില്‍ താഴെ മാത്രം സമയമെ ലോകകപ്പിനായി ടീമിന് ലഭിയ്ക്കുകയുള്ളുവെന്നും മിത്താലി രാജ് പറഞ്ഞു.

വലിയ ഇടവേളയ്ക്ക് ശേഷമാണ് താരങ്ങള്‍ തിരികെ വരുന്നതെന്നും അതിനാല്‍ തന്നെ എല്ലാം പഴയ പടിയാകുവാന്‍ കുറച്ച് കാലമെടുത്തേക്കാമെന്നും താരം വ്യക്തമാക്കി. താന്‍ 2021 സീസണ്‍ മുഴുവനായി കളിക്കുവാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നതാണെന്നും മിത്താലി പറഞ്ഞു. ഇപ്പോള്‍ ലോകകപ്പ് നീട്ടിയതിനാല്‍ ലോകകപ്പ് വരെ താന്‍ തുടരുമെന്നാണ് കരുതുന്നതെന്നും ഇന്ത്യയുടെ സീനിയര്‍ താരം വ്യക്തമാക്കി.

Previous articleസുദേവയ്ക്ക് ഒപ്പം ശ്രീനിധിയും ഐലീഗിൽ
Next article“വോൾവ്സ് പുതിയ താരങ്ങളെ എത്തിച്ച് ടീം വലുതാക്കണം”