എവേ മത്സരങ്ങളിൽ തോൽവി അറിയാതെ ബഗാന് റെക്കോർഡ്, തോറ്റത് രണ്ട് സീസൺ മുമ്പ്

Newsroom

ഐലീഗിൽ ഒരു റെക്കോർഡിനിപ്പം മോഹൻ ബഗാൻ കഴിഞ്ഞ ദിവസം എത്തി. ഇന്നലെ കാശ്മീരിൽ ചെന്ന് വിജയിച്ചു വന്നതോടെയാണ് ഒരു അപൂർവ റെക്കോർഡിന് ബഗാൻ അർഹരായത്. ദേശീയ ലീഗ് ചരിത്രത്തിൽ പരാജയമറിയാതെ ഏറ്റവും കൂടുതൽ എവേ മത്സരങ്ങൾ എന്ന റെക്കോർഡിലാണ് ബഗാൻ എത്തിയിരിക്കുന്നത്. ഇന്നലത്തെ വിജയത്തോടെ 12 എവേ മത്സരങ്ങളിൽ അപരാജിതരായിരിക്കുകയാണ് മോഹൻ ബഗാൻ.

അവസാനമായി മോഹൻ ബഗാൻ ഒരു മത്സരം തോറ്റത് ഐസാൾ കിരീടം നേടിയ സീസണിൽ ആയിരുന്നു. അന്ന് ഐസാൾ തന്നെയാണ് മോഹൻ ബഗാനെ തോൽപ്പിച്ചത്. കഴിഞ്ഞ സീസണിൽ ഐലീഗിൽ ഒരൊറ്റ എവേ മത്സരത്തിൽ പോലും ബഗാൻ പരാജയപ്പെട്ടിട്ടില്ല. നാഷണൽ ഡിവഷൻ കാലത്ത് ചർച്ചിൽ ബ്രദേഴ്സ് കുറിച്ച് 12 അപരാജിത എവേ മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പം ആണ് മോഹൻ ബഗാൻ എത്തിയത്.

കഴിഞ്ഞ സീസണിൽ ഒമ്പതു എവേ മത്സരങ്ങളിൽ ഈ സീസണിൽ മൂന്ന് എവേ മത്സരങ്ങളിലും ആണ് ബഗാൻ തോൽക്കാതെ നിന്നത്. ഈ 12 മത്സരങ്ങളിൽ ഏഴു വിജയവുമായിരുന്നു. പക്ഷെ 13 അപരാജിത മത്സരങ്ങൾ എന്നതിൽ എത്താൻ ബഗാൻ ഇത്തിരി വിയർക്കേണ്ടി വരും. കാരണം ബഗാന്റെ അടുത്ത എവേ മത്സരം വൈരികളായ ഈസ്റ്റ് ബംഗാളിന് എതിരെയാണ്.