ഗോൾകീപ്പറെ സ്ട്രൈക്കറായി കളിപ്പിച്ചു, ഐ ലീഗ് ചാമ്പ്യന്മാർക്ക് തോൽവി

- Advertisement -

ഗോൾകീപ്പറെ സ്ട്രൈക്കറായി കളിപ്പിക്കേണ്ട ഗതി വന്ന മത്സരത്തിൽ മിനേർവ പഞ്ചാബിന് തോൽവി. ലജോങ്ങിനോടാണ് മിനേർവ ഇന്ന് തോറ്റത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷില്ലോങ്ങ് ലജോങ്ങ് ഐലീഗിൽ വിജയിക്കുന്നത്. മിനേർവയുടെ ഹോമിൽ നടന്ന മത്സരത്തിൽ കളിയുടെ അവസാന നിമിഷങ്ങളിൽ പിറന്ന ഒരു ഗോളാണ് വിധി എഴുതിയത്. ആ ഏക ഗോളിനായിരു‌ന്നു ലജോങ്ങിന്റെ വിജയം. കളിയുടെ 85ആം മിനുട്ടിൽ നവോറാം സിംഗാണ് ലജോങ്ങിന്റെ ഗോൾ നേടിയത്.

കളിയിൽ രണ്ടാം പകുതിയിൽ ആണ് ഗോൾകീപ്പറെ ഔട്ട് ഫീൽഡ് പ്ലയറായി മിനേർവയ്ക്ക് ഇറക്കേണ്ടി വന്നത്. മിനേർവയുടെ രണ്ടാം ഗോൾ കീപ്പറായ ഭാസ്കർ റോയ് ആണ് ബെഞ്ചിൽ നിന്ന് സ്ട്രൈക്കറായി എത്തിയത്. ഭാസ്കർ റോയ് ഇറങ്ങി മൂന്ന് മിനുട്ടിനുള്ളിൽ മിനേർവ പഞ്ചാബ് ഗോൾ വഴങ്ങേണ്ടതായും വന്നു. മുന്നേറ്റ നിരയിൽ പരിക്കു കാരണം കളിക്കാൻ താരങ്ങൾ ഇല്ലാത്തതാണ് സ്ട്രൈക്കറെ ഇറക്കേണ്ട ഗതിയിലേക്ക് മിനേർവയെ എത്തിച്ചത്.

ഐലീഗിൽ ഈ സീസണിലെ ലജോങ്ങിന്റെ രണ്ടാം ജയം മാത്രമാണിത്. ലജോങ്ങിനെ ഏഴു പോയന്റിൽ ഇത് എത്തിച്ചു. റിലഗേഷനിൽ നിന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷ ഈ ജയത്തിലൂടെ ലജോങ്ങിന് തിരികെ കിട്ടി. 14 പോയന്റുള്ള മിനേർവ ലീഗിൽ ഇപ്പോൾ ഏഴാം സ്ഥാനത്താണ്.

Advertisement