ഐ ലീഗ് ആരംഭിക്കുന്നത് തന്നെ വളരെ വിചിത്രമായ പ്രശ്നവും കൊണ്ടാണ്. സെക്കൻഡ് ഡിവിഷനിലൂടെ യോഗ്യത നേടിക്കൊണ്ട് ഐ ലീഗിലേക്ക് എത്തിയ രാജസ്ഥാൻ യുണൈറ്റഡ് ഇന്ന് ആദ്യ മത്സരത്തിൽ പഞ്ചാബ് എഫ് സിയെ നേരിടുമ്പോൾ രാജസ്ഥാൻ ടീമിൽ ആകെ ഉണ്ടാവുക 9 പേർ മാത്രം. എ ഐ എഫ് എഫിന്റെ വിചിത്രമായ പ്ലയർ രജിസ്ട്രേഷൻ നിയമം ആണ് രാജസ്ഥാനെ കളിക്കാൻ ആളില്ലാത്ത അവസ്ഥയിൽ ആക്കിയിരിക്കുന്നത്. സെക്കൻഡ് ഡിവിഷൻ കഴിയുന്നതിന് മുമ്പ് തന്നെ പുതിയ സീസണായി താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ട സമയം അവസാനിച്ചിരുന്നു.
CLUB STATEMENT: We at RUFC are deeply disappointed for the situation regarding player registration. We apologise to our players, sponsors and fans unreservedly.😞 pic.twitter.com/ewGsFRql4g
— Rajasthan United FC (@RajasthanUnited) December 26, 2021
സെക്കൻഡ് ഡിവിഷനായി സൈൻ ചെയ്ത താരങ്ങളെ റിലീസ് ചെയ്ത് കൊണ്ട് ഐ ലീഗിനായി ശക്തമായ ടീമിനെ ഒരുക്കാൻ ഇറങ്ങിയ രാജസ്ഥാന് ഇത് പ്രശ്നമായി. ജനുവരിയിൽ മാത്രമെ രാജസ്ഥാന് അവർ സൈൻ ചെയ്ത താരങ്ങളെ ഇനി രജിസ്റ്റർ ചെയ്യാൻ ആവുകയുള്ളൂ. രജിസ്റ്റർ ചെയ്ത 9 താരങ്ങൾ മാത്രമെ ഉള്ളൂ എന്നതിനാൽ ഇന്നത്തെ മത്സരം മാറ്റുവെക്കാൻ രാജസ്ഥാൻ യുണൈറ്റഡ് ആവശ്യപ്പെട്ടു എങ്കിലും അതും എ ഐ എഫ് എഫ് അംഗീകരിച്ചില്ല. ഇന്ന് 9 പേരുമായി കളത്തിൽ ഇറങ്ങും എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്.