ഗോകുലം കേരള എഫ് സി ഈ ആഴ്ച തന്നെ തങ്ങളുടെ ആറാം വിദേശ താരത്തെ സ്വന്തമാക്കും. പരിശീലകൻ ബിനോ ജോർജ്ജ് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ് താരമായ അന്റോണിയോ ജർമ്മൻ ടീം വിട്ട ഒഴിവിലേക്കാണ് ഗോകുലം കേരള എഫ് സി പുതിയ വിദേശ താരത്തെ എത്തിക്കാൻ നോക്കുന്നത്. 15ആം തീയതി റിയൽ കാശ്മീറിന് എതിരെയാണ് ഗോകുലം കേരള എഫ് സിയുടെ അടുത്ത മത്സരം.
ആ മത്സരം നടക്കുന്നതിന് മുമ്പ് അറ്റാക്കിംഗിൽ ശക്തി കൂട്ടുമെന്ന് ബിനോ ജോർജ്ജ് പറഞ്ഞു. ഈസ്റ്റ് ബംഗാളിനോട് കഴിഞ്ഞ മത്സരത്തിൽ പരാജയപ്പെട്ട ഗോകുലം കേരള എഫ് സി വിജയ വഴിയിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ്. രണ്ടു വാരം മുമ്പ് മെയിൻ സ്ക്വാഡിനൊപ്പം ചേർന്ന വിദേശ താരം സബായെ പ്രശംസിക്കാനും ബിനോ ജോർജ്ജ് മറന്നില്ല.
സബാ മികച്ച രീതിയിലാണ് അവസാന രണ്ടു മത്സരങ്ങളിലും കളിച്ചത് എന്ന് ബിനോ ജോർജ്ജ് പറഞ്ഞു. സബാ ലീഗുമായി ഇണങ്ങി വരുന്നതെയുള്ളൂ. താരത്തിന്റെ മുഴുവൻ ടാലന്റും ഉടൻ തന്നെ കാണാൻ കഴിയുമെന്നും ബിനോ ജോർജ്ജ് പറഞ്ഞു.