അവസാനം അവസാനം ഗോകുലം കേരള എഫ് സി വിജയിച്ചു!!

- Advertisement -

ഐ ലീഗിൽ ഒരു ജയം കാണാമെന്ന ഗോകുലം കേരള എഫ് സി ആരാധകരുടെ കാത്തിരിപ്പിന് അന്ത്യമായി. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ലീഗിൽ ഒരു വിജയം ഗോകുലം നേടുന്നത്. ഇന്ന് കോഴിക്കോട് നടന്ന മത്സരത്തിൽ നെരോകയെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. തുടക്കത്തിൽ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു ഗോകുലം 2-1ന്റെ വിജയം സ്വന്തമാക്കിയത്.

കളിയുടെ തുടക്കത്തിൽ ചിഡിയിലൂടെയാണ് നെരോക മുന്നിൽ എത്തിയത്. പതിവ് ഗോകുലം വഴി ആണെന്ന് ആദ്യം തോന്നിപ്പിച്ചു എങ്കിലും പൊരുതി കയറാൻ ഗോകുലത്തിനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർകസിന്റെ അസിസ്റ്റിൽ നിന്ന് അഡോ ആണ് ഗോകുലം കേരള എഫ് സിയെ നെരോകയ്ക്ക് ഒപ്പം എത്തിച്ചത്.

81ആം മിനുട്ടിൽ മാർകസിന്റെ ഗോൾ ഗോകുലത്തിന്റെ വിജയവും ഉറപ്പിച്ചു. അഡോ ആണ് മാർകസിന്റെ ഗോൾ അസിസ്റ്റ് ചെയ്തത്‌. എട്ടു മത്സരങ്ങൾക്കിടെ മാർകസ് നേടുന്ന ഏഴാമത്തെ ഗോളായിരുന്നു ഇത്. ആദ്യമായാണ് മാർകസിന്റെ ഗോൾ വിജയത്തിലേക്ക് എത്തുന്നത്. പുതിയ പരിശീലകൻ ഗിഫ്റ്റ് റൈകാന്റെ കീഴിലെ ആദ്യ ഗോകുലം വിജയമാണിത്.

സീസണിലെ മൂന്നാം ജയം മാത്രമാണ് ഗോകുലത്തിന് ഇത്. ഇന്നത്തെ ജയത്തോടെ ഗോകുലത്തിന് 19 മത്സരങ്ങളിൽ നിന്ന് 17 പോയന്റായി. മിനേർവയ്ക്കും 17 പോയന്റാണ് ഉള്ളത് എങ്കിലും ഹെഡ് ടു ഹെഡിന്റെ മികവിൽ ഗോകുലം ഒമ്പതാം സ്ഥാനത്തെത്തി.

Advertisement