സമനില കുരുക്കിൽ ചർച്ചിലും ഐസാളും

20221202 194224

സീസണിലെ ആദ്യ വിജയത്തിൽ കണ്ണ് നട്ട് ഇറങ്ങിയ ചർച്ചിൽ ബ്രദേഴ്‌സിനെ സമനിലയിൽ തളച്ച് ഐസാൾ എഫ്സി. മത്സരത്തിന്റെ തുടക്കത്തിൽ നേടിയ ഗോളിൽ വിജയം കാണാമെന്ന് കണക്ക് കൂട്ടിയ ആതിഥേയർക്ക് മുകളിൽ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് ഐസാൾ സമനില കുരുക്ക് മുറുക്കിയത്. ഇതോടെ ചർച്ചിൽ പോയിന്റ് പട്ടികയിൽ പതിനൊന്നാമത് തുടരുകയാണ്. ഐസാൾ എട്ടാം സ്ഥാനത്തേക്ക് കയറി.

20221202 194229

തിലക് മൈതാനത്ത് നടന്ന മത്സരത്തിൽ നാലാം മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്താൻ ചർച്ചിലിനായി. ഒമോമയുടെ ഹെഡറിലൂടെ എത്തിയ ബോൾ പോനിഫ് വാസ് ഹെഡർ ചെയ്തിട്ടപ്പോൾ കമോ ബായിക്ക് വലയിലേക്ക് തള്ളി വിടേണ്ട ചുമതലയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ഡൗങ്റ്റിയുടെ മികച്ചൊരു ശ്രമം ചർച്ചിൽ കീപ്പർ ആൽബിനോ ഗോമസ് രക്ഷപ്പെടുത്തി. ആദ്യ പകുതിയിൽ ലീഡ് ഉയർത്താൻ ചർച്ചിൽ പരമാവധി ശ്രമിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ കമോയുടെ ശ്രമം ഐസാൾ കീപ്പർ വിക്രം സിങ് ആയസപ്പെട്ട് തട്ടിയകറ്റി.

പിന്നീട് സമനില ഗോളിനായി ഐസാൽ ആക്രമണം കടുപ്പിച്ചു. എഴുപത്തിയഞ്ചാം മിനിറ്റിൽ കാത്തിരുന്ന ഗോൾ എത്തി. അഡിങയുടെ ക്രോസിൽ നിന്നും തലവെച്ച് ഹെൻറി കിസെക്കയാണ് നിർണായക ഗോൾ നേടിയത്. മുഴുവൻ സമയത്തിന്റെ ഇഞ്ചുറി ടൈമിൽ ഐസാൾ വിജയ ഗോളിന് അടുത്തെത്തി എങ്കിലും ആൽബിനോ ഗോമസ് ഒരിക്കൽ കൂടി ചർച്ചിലിന്റെ രക്ഷക്കെത്തി.