മഗ്വയർ നേരിടുന്നത് ഇന്നുവരെ ആരും നേരിടാത്ത വിമർശനങ്ങൾ : ലൂക്ക് ഷോ

ജർമനിക്കെതിരായ മത്സരത്തിലും പിഴവ് ആവർത്തിച്ച ഹാരി മഗ്വയർക്ക് പിന്തുണയുമായി യുനൈറ്റഡ് സഹതാരം കൂടിയായ ലൂക്ക് ഷോ. ബിബിസി റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് മഗ്വയർക്കുള്ള തന്റെ പിന്തുണ ഷോ പ്രകടിപ്പിച്ചത്.

“മഗ്വയർ നേരിടുന്ന തരത്തിലുള്ള വിമർശനം ഫുട്ബോളിൽ താൻ ഇത് വരെ കണ്ടിട്ടില്ല. അദ്ദേഹം മികച്ചൊരു താരമാണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിൽ ഇടിവുണ്ടായിട്ടുണ്ടാകാം. ലോകം മുഴുവൻ തനിക്കെതിരാണെന്ന തോന്നൽ വന്നാൽ ആത്മവിശ്വാസം ചോർന്നു പോകും.” ഷോ പറഞ്ഞു.

പക്ഷെ ഈ സാഹചര്യത്തിലും ഒളിച്ചു നിൽക്കാൻ ആല്ല മഗ്വയർ ശ്രമിച്ചതെന്നും ഷോ ചൂണ്ടിക്കാണിച്ചു. “ഇത്തരം അവസരങ്ങളിൽ മുഖം നൽകാതെ തിരിഞ്ഞു പോകുന്നവരെ കണ്ടിരിക്കാം, എന്നാൽ മഗ്വയർ അങ്ങനെ അല്ല. അദ്ദേഹം വീണ്ടും മുൻപോട്ട് വന്നു. ഇത് അദ്ദേഹത്തിനുള്ളിലെ പോരാളിയേയാണ് കാണിക്കുന്നത്.” ഷോ പറഞ്ഞു.

മഗ്വയർ ഇംഗ്ലീഷ് ടീമിന്റെ അഭിവാജ്യ ഘടകമാണെന്നത് ആരാധകർ അംഗീകരിക്കണമെന്നും ലൂക്ക് ഷോ പറഞ്ഞു.