വിയറ്റ്നാമിനോട് പൊരുതി നിൽക്കാൻ പോലും ആകാതെ ഇന്ത്യ

ഇന്ത്യൻ ഫുട്ബോൾ ടീമിന് സൗഹൃദ മത്സരത്തിൽ ദയനീയ പരാജയം. ഇന്ന് വിയറ്റ്നാമിനെ നേരിട്ട ഇന്ത്യ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റു വാങ്ങിയത്. ആതിഥേയരുടെ ആധിപത്യം തന്നെ ആയിരുന്നു ഇന്ന് മത്സരത്തിൽ ഉടനീളം കണ്ടത്. ഗോളുകൾ മൂന്നിൽ നിന്നത് ഇന്ത്യയുടെ ഭാഗ്യം എന്ന് പറയേണ്ടി വരും.

ഇന്ന് മത്സരത്തിന്റെ 11ആം മിനുട്ടിൽ വിയറ്റ്നാം മുന്നിൽ എത്തി. ഫാൻ വാൻ ഡുക് ആണ് ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഇടക്ക് ഇന്ത്യ നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഫലം ഉണ്ടായില്ല. ആദ്യ പകുതിയിൽ കളി 1-0ന് അവസാനിച്ചു.

ഇന്ത്യ

രണ്ടാം പകുതിയിൽ വിയറ്റ്നാം തുടരെ ആക്രമണങ്ങൾ നടത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ അവർ ലീഡ് ഇരട്ടിയാക്കി. അധികം താമസിക്കാതെ മൂന്നാം ഗോളും വന്നു. ഇതോടെ കളിയിലെ ഇന്ത്യൻ പ്രതീക്ഷ അവസാനിച്ചു.

ഗുർപ്രീതിന്റെ ചില സേവുകൾ ആണ് ഇന്ത്യയെ വലിയ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. വിയറ്റ്നാമിലെ ആദ്യ മത്സരത്തിൽ ഇന്ത്യ സിംഗപ്പൂരിനോട് സമനില വഴങ്ങിയിരുന്നു.