കേരളത്തിന്റെ അഭിമാനമായി ഗോകുലം!! ബഗാനെ വീഴ്ത്തി ഡ്യൂറണ്ട് കപ്പിൽ മുത്തം!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

1997ന് ശേഷം ഡ്യൂറണ്ട് കപ്പ് ആദ്യമായി കേരളത്തിലേക്ക് എത്തുന്നു‌. ഇന്ന് നടന്ന ആവേശകരനായ ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോളിലെ വലിയ ശക്തികളായ മോഹൻ ബഗാനെ പരാജയപ്പെടുത്തിയാണ് ഗോകുലം കേരള എഫ് സി കേരളത്തിന്റെ അഭിമാനം ഉയർത്തിക്കൊണ്ട് കിരീടം കേരളത്തിൽ എത്തിച്ചത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കേരള ക്ലബ് വിജയിച്ചത്.

ടൂർണമെന്റിൽ ഉടനീളം ഗോകുലത്തിനായി നിർത്താതെ ഗോൾ അടിച്ചു കൂട്ടിയ മാർക്കസ് ജോസഫ് തന്നെയാണ് ഇന്നും ഗോകുലത്തിന്റെ വിജയശില്പി ആയി മാറിയത്. രണ്ട് ഗോളുകളാണ് ക്യാപ്റ്റൻ കൂടിയാ മാർക്കസ് ജോസഫ് ഇന്ന് നേടിയത്. ആദ്യ പകുതിയുടെ അവസാന നിമിഷം ആയിരുന്നു ഗോകുലം കേരള എഫ് സിയുടെ ആദ്യ ഗോൾ പിറന്നത്.

ഹെൻറി കിസേകയെ പെനാൾട്ടി ബോക്സിൽ ദെബിജിത് മജുംദാർ വീഴ്ത്തിയതിന് ലഭിച്ച പെനാൾട്ടി വഴിയാണ് ആദ്യ ഗോൾ വന്നത്‌. പെനാൾട്ടി എടുത്ത മർക്കസിനു ഒട്ടും പിഴച്ചില്ല‌. രണ്ടാം പകുതിയിൽ കളി കൂടുതൽ ഗോകുലത്തിന്റെ കയ്യിലായി‌. 54ആം മിനുട്ടിൽ ആ ആധിപത്യം രണ്ടാം ഗോളാക്കി മാറ്റാനും ഗോകുലത്തിനായി. ഇടതു വിങ്ങിലൂടെ കുതിച്ച് മാർക്കസ് തന്നെ ആയിരുന്നു രണ്ടാം ഗോളും നേടിയത്.

മാർക്കസ് ജോസഫിന്റെ ടൂർണമെന്റിലെ 11ആം ഗോളായിരുന്നു ഇത്. ഇതോടെ വിജയം ഉറപ്പിച്ചു എന്ന് ഗോകുലം കേരള എഫ് സിക്ക് തോന്നിയെങ്കിലും 64ആം മിനുട്ടിൽ ഗോൾ കീപ്പർ ഉബൈദിന് വന്ന പിഴവ് ബഗാനെ വീണ്ടും ബഗാനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ഒരു ഫ്രീകിക്കിൽ നിന്ന് ഉബൈദിന് നേരെ വന്ന ബഗാൻ താരത്തിന്റെ ഹെഡർ ഉബൈദിന്റെ കയ്യിൽ നിന്ന് വഴുതി വലയിലേക്ക് പോവുകയായിരുന്നു.

അതിനു ശേഷം തുടർ ആക്രമണങ്ങൾ നടത്തിയ ബഗാൻ ഗോകുലത്തിന് കടുത്ത വെല്ലുവിളി ഉയർത്തി. എന്നാൽ അതിനോട് പിടിച്ചു നിക്കാൻ ഗോകുലം കേരള എഫ് സി ഡിഫൻസിനായി. എന്നാൽ കളിയുടെ 87ആം മിനുട്ടിൽ ജസ്റ്റിൻ ജോർജ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് ഗോകുലത്തിന് കൂടുതൽ പ്രശ്നങ്ങൾ നൽകി. എങ്കിലും ഫൈനൽ വിസിൽ വരെ ആ ലീഡ് നിലനിർത്താൻ ഗോകുലത്തിനായി.

1997ൽ എഫ് സി കൊച്ചിൻ മാത്രമാണ് ഇതിനു മുമ്പ് ഡ്യൂറണ്ട് കപ്പ് കിരീടം നേടിയ കേരളാ ക്ലബ്. ഗോകുലം കേരള എഫ് സിയുടെ ദേശീയ തലത്തിലുള്ള ആദ്യ പ്രധാന കിരീടവുമാണിത്.