യുവ താരങ്ങൾ രക്ഷക്കെത്തി, ലംപാർഡിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

അക്കാദമി വഴി വളർന്ന യുവ താരങ്ങൾ ഫോമിലേക്ക് ഉയർന്നപ്പോൾ ഫ്രാങ്ക് ലംപാർഡിന് കീഴിൽ ചെൽസിക്ക് ആദ്യ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നീല പട ആദ്യ ജയം കുറിച്ചത്. കഴിഞ്ഞ മത്സരങ്ങളിൽ ഏറെ വിമർശങ്ങൾ നേരിട്ട റ്റാമി അബ്രഹാം 2 ഗോളുകളുമായി പരിശീലകന്റെ വിശ്വാസം കാത്തപ്പോൾ ഇരുപത് വയസുകാരൻ മേസൻ മൗണ്ട് ആണ് മറ്റൊരു ഗോൾ നേടിയത്.

സ്വപ്ന സമാനമായ തുടക്കമാണ് ചെൽസിക്ക് ലഭിച്ചത്. മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ചെൽസി ലീഡ് നേടി. അസ്‌പിലിക്വറ്റയുടെ പാസിൽ നിന്ന് മികച്ച വോളിയിലൂടെ റ്റാമി അബ്രഹാം ആണ് ഗോൾ നേടിയത്. പക്ഷെ ചെൽസിയുടെ ആഘോഷം ഏറെ നേരം നീണ്ട് നിന്നില്ല. ആറാം മിനുട്ടിൽ തന്നെ പുക്കിയുടെ പാസ്സ് ഗോളാക്കി ടോഡ് കാൻറ്വെൽനോർവിച്ചിനെ ഒപ്പമെത്തിച്ചു. പിന്നീടും ആക്രമിച്ചു കളിച്ച ചെൽസി 31 ആം മിനുട്ടിൽ മൗണ്ടിലൂടെ ലീഡ് തിരിച്ചു പിടിച്ചു. പക്ഷെ ഇത്തവണയും നോർവിച് ശക്തമായി തന്നെ സമനില പിടിച്ചു. 31 ആം മിനുട്ടിൽ ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് പ്രീമിയർ ലീഗ് ടോപ്പ് സ്‌കോറർ പുക്കിയാണ് ചെൽസിയുടെ വല കുലുക്കിയത്.

രണ്ടാം പകുതിയിൽ ചെൽസി നിയന്ത്രിച്ചെങ്കിലും മികച്ച കൗണ്ടർ അറ്റാക്കിങ്ങുകൾ നടത്തി ചെൽസിയെ വിറപ്പിക്കാൻ നോർവിച്ചിനായി. പക്ഷെ 68 ആം മിനുട്ടിൽ ചെൽസി മത്സരത്തിൽ മൂന്നാം തവണയും ലീഡ് നേടി. കോവാച്ചിന്റെ പാസിൽ നിന്ന് ബോക്സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ടിലൂടെ റ്റാമി അബ്രഹാം ആണ് ഗോൾ നേടിയത്. പിന്നീട് കോർണറിൽ നിന്ന് നോർവിചിന്റെ ഹെഡർ ചെൽസി പോസ്റ്റിൽ തട്ടി മടങ്ങി. പക്ഷെ പിന്നീടുള്ള സമയം ചെൽസി മികച്ച രീതിയിൽ പ്രതിരോധിച്ച് ലീഡ് കാത്തതോടെ ലംപാർഡിന് കീഴിൽ നീല പടയുടെ ആദ്യ ജയം പൂർത്തിയായി.