ഹാവോകിപിനു ഹാട്രിക്, ഗോകുലം കുട്ടികൾക്ക് കിരീടം

കോയമ്പത്തൂരിൽ നടക്കുന്ന ആൾ ഇന്ത്യ കപ്പ് ഓഫ് ജോയ് ടൂർണമെന്റിൽ ഗോകുലം അണ്ടർ 13 ടീമിന് കിരീടം. ബെംഗളൂരു എഫ്സിയുടെ U-13 ടീമിനെ വീഴ്ത്തി ഗോകുലം ചാമ്പ്യന്മാരാകുകയായിരുന്നു. 5-1 എന്ന സ്കോറിനാണ് കേരളത്തിന്റെ അഭിമാനമായ ടീമിന്റെ യുവനിരയുടെ ഈ മിന്നും പ്രകടനം. മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് ഗോകുലമാണെങ്കിലും ബെംഗളൂരു ഉടന്‍ തന്നെ ഗോള്‍ മടക്കി. മിനുട്ടുകളുടെ വ്യത്യാസത്തില്‍ വീണ്ടും മത്സരത്തില്‍ ലീഡ് തിരിച്ച് പിടിച്ച ഗോകുലം പകുതി സമയത്ത് 2-1നു മുന്നിലായിരുന്നു.

രണ്ടാം പകുതി തുടങ്ങി ഗോകുലം രണ്ട് ഗോളുകള്‍ കൂടി നേടി മൂന്ന് ഗോളിന്റെ ലീഡ് കൈവരിച്ചിരുന്നു. ഹോക്കിപ് തന്റെ ഹാട്രിക്ക് നേട്ടവും ഇതിനിടെ കൈവരിച്ചു. റോബേര്‍ട്സണ്‍ മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ ഗോകുലത്തിന്റെ ഗോള്‍ പട്ടിക അഞ്ചായി ഉയര്‍ന്നു. ചന്ദന്‍ ബിജുവാണ് ബെംഗളൂരു എഫ്സിയുടെ ഗോള്‍ സ്കോറര്‍.

ഇന്ന് രാവിലെ നടന്ന സെമിയിൽ ചെന്നൈയിൻ എഫ് സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് ഗോകുലം ഫൈനലിലേക്ക് കടന്നത്‌. ബെംഗളൂരുവിനെ ഗ്രൂപ്പ് ഘട്ടത്തിൽ ഗോകുലം നേരിട്ടപ്പോൾ 2-2 എന്ന സമനിലയിലായിരുന്നു കളി അവസാനിച്ചത്. ആ കളി മാത്രമായിരുന്നു ഈ ടൂർണമെന്റിൽ ഗോകുലം വിജയിക്കാതിരുന്നത്‌. ബാക്കി എല്ലാ മത്സരവും ആധികാരികമായി ഗോകുലം ജയിച്ചിരുന്നു. സെമിയിൽ എത്തുമ്പോൾ തന്നെ അഞ്ചു മത്സരങ്ങളിൽ നിന്നായി 40 ഗോളുകൾ ഗോകുലം അടിച്ചു കൂട്ടിയിരുന്നു‌.

ഗ്രൂപ്പിൽ നാലിൽ മൂന്ന് മത്സരങ്ങൾ ഗോകുലം വിജയിച്ചിരുന്നു. ബെംഗളൂരു എഫ് സിക്കെതിരെ 2-2 സമനില വഴങ്ങിയത് ഒഴിച്ചാൽ ബാക്കി ഒക്കെ ആധികാരിക ജയങ്ങളാണ്. ഗ്രൂപ്പിൽ മുത്തൂറ്റ് എഫ് എയെ എതിരില്ലാത്ത 14 ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ട് തുടങ്ങിയ ഗോകുലം രണ്ടാം മത്സരത്തിൽ ഫുട്ബോൾ+എഫ് എക്കെതിരെ 8-2ന്റെ വിജയവും സ്വന്തമാക്കി. മൂന്നാം മത്സരത്തിൽ എതിരില്ലാത്ത 11 ഗോളുകൾക്ക് റിയൽ സ്പാർഷിനെയും ഗോകുലം തോൽപ്പിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial