ലോകകപ്പ് യോഗ്യത മത്സരത്തിൽ കസാഖിസ്ഥാനെതിരെ അനായാസ ജയവുമായി ഫ്രാൻസ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് കസാഖിസ്ഥാനെ പരാജയപ്പെടുത്തിയത്. എന്നാൽ ജയത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആന്റണി മാർഷ്യാലിന്റെ പരിക്ക് ഫ്രാൻസിന്റെ ജയത്തിന്റെ തിളക്കം കെടുത്തി. കഴിഞ്ഞ ദിവസം ഉക്രൈനിനെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങിയ ഫ്രാൻസിന് ഇന്നത്തെ ജയം ആശ്വാസം പകരുന്നതാണ്.
ആദ്യ പകുതിയിൽ മൗസ ഡെംമ്പലെയുടെ ഗോളിലാണ് ഫ്രാൻസ് മത്സരത്തിൽ മുൻപിൽ എത്തിയത്. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട്മുൻപ് സെർജി മാലിയുടെ സെൽഫ് ഗോളിൽ ഫ്രാൻസ് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ ലീഡ് വർദ്ധിപ്പിക്കാനുള്ള അവസരം പെനാൽറ്റിയിലൂടെ ഫ്രാൻസിന് ലഭിച്ചെങ്കിലും പെനാൽറ്റി എടുത്ത എംബാപ്പെയുടെ ശ്രമം കസാഖിസ്ഥാൻ ഗോൾ കീപ്പർ രക്ഷപ്പെടുത്തുകയും ചെയ്തു.