ഫുട്‌ബോളിലെ ദൈവം മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം!

20211125 015010

ഫുട്‌ബോളിലെ ദൈവം മരണം പുൽകിയിട്ട് ഇന്നേക്ക് ഒരു വർഷം. ഡീഗോ മറഡോണ എന്ന ഫുട്‌ബോൾ കണ്ട ഏറ്റവും വലിയ നായകനെ ഏറ്റവും വലിയ വില്ലനെ ഫുട്‌ബോളിന് നഷ്ടമായിട്ട് ഇന്നേക്ക് ഒരു വർഷം. ആ മരണം അറിഞ്ഞ ശേഷം വാവിട്ട് കരഞ്ഞവർ അങ്ങ് അർജന്റീനയിലും നേപിൾസിലും മാത്രമായിരുന്നില്ല. ഫുട്‌ബോൾ ഇഷ്ടപ്പെട്ട ഫുട്‌ബോൾ ജീവനോടെ സ്നേഹിച്ച ഓരോരുത്തരും അന്ന് കണ്ണീർ വാർത്തു കാണണം. ഫുട്‌ബോളിൽ ജീവിതത്തിൽ മറഡോണ തീർത്ത പ്രപഞ്ചം അത്രക്ക് അത്ഭുതകരമായിരുന്നു. സന്തോഷത്തിന്റെ ഉന്നതിയിലേക്കും സങ്കടത്തിന്റെ പടു കുഴിയിലേക്കും മറഡോണ തനിക്ക് ചുറ്റുമുള്ളവരെ കൊണ്ടു പോയി. മറഡോണ ഇല്ലാത്ത ഈ ഒരു വർഷത്തിൽ ഫുട്‌ബോൾ എന്നത്തേയും പോലെ ഒഴുകി.20211125 014922

മറഡോണയുടെ പ്രിയപ്പെട്ട അർജന്റീന പതിറ്റാണ്ടുകൾക്ക് ശേഷം കോപ്പ അമേരിക്ക കിരീടം ഉയർത്തി അതും ബ്രസീലിനെ മാറക്കാനയിൽ വീഴ്ത്തി. മറഡോണ ഇത് കാണാൻ ഇല്ലാതെ പോയല്ലോ എന്നത് ആയിരുന്നു ഓരോ അർജന്റീന ആരാധകരുടെയും ഏക വിഷമം. മറഡോണയുടെ പ്രിയപ്പെട്ട ഇറ്റലി യൂറോ കപ്പ് മറഡോണയുടെ ബദ്ധശത്രുക്കൾ ആയ ഇംഗ്ലണ്ടിനെ വീഴ്ത്തി നേടുന്നതും ഈ വർഷത്തിൽ തന്നെയാണ് കാണാൻ ആയത്. മറഡോണയുടെ ഓർമ്മക്ക് പഴയ ക്ലബുകൾ ആയ നാപ്പോളി, ബാഴ്‌സലോണ, ബോക്കോ ജൂനിയേഴ്‌സ് എന്നിവർ മറഡോണ കപ്പ് നടത്താൻ തീരുമാനിച്ചത് അടക്കം ഒന്നാം മരണ വാർഷികത്തിൽ മറഡോണയെ ഓർത്ത് എടുക്കുക തന്നെയാണ് ലോകം ഇന്ന്.

ബൂണസ് അരീസിലും നേപ്പിൾസിലും അടക്കം ലോകത്ത് അങ്ങോളം തെരുവിൽ ഇറങ്ങിയും പള്ളിയിൽ മെഴുകുതിരി കത്തിച്ചും തലമുറകൾ ആണ് മറഡോണയെ ഓർക്കുന്നത്. ഇതിനിടക്ക് മറഡോണയുടെ ജീവിതത്തെ പറ്റിയുള്ള ആമസോൺ വെബ് സീരീസും ലോകത്തിനു മുന്നിലെത്തി. മറഡോണ ചെറുപ്പത്തിൽ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയർത്തി രംഗത്ത് വന്ന ക്യൂബൻ സ്ത്രീയും ഈ വർഷത്തെ വാർത്തയാണ്. അതേസമയം എന്നത്തേയും പോലെ വ്യക്തി ജീവിതത്തിലെ ചെകുത്താൻ ഒന്നും എന്നത്തേയും പോലെ മറഡോണ എന്ന ഫുട്‌ബോൾ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നു ആരാധകരെ തടയുന്നില്ല. ഫുട്‌ബോൾ ഇനി എത്ര ഒഴുകിയാലും മറഡോണയെക്കാൾ വലിയ ഒരു താരവും പിറക്കില്ല എന്ന ഉറപ്പ് തന്നെയാണ് ഒന്നാം മരണ വാർഷികത്തിലും ഡീഗോയെ ഓർത്ത് എടുക്കുന്ന ആരാധക കൂട്ടം നൽകുന്നത്, കാരണം ഡീഗോ ഫുട്‌ബോളിലെ ഒരേയൊരു ദൈവമാണ്.

Previous articleചാമ്പ്യൻസ് ലീഗിൽ വമ്പൻ ജയവുമായി ആർ.ബി ലൈപ്സിഗ്
Next articleആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റിന് എതിരെ