ആരാധർക്ക് അടുത്ത കാലത്ത് മധുരമുള്ള ലോകകപ്പ് ഓർമകൾ സമ്മാനിച്ചിട്ടുള്ള ഉറുഗ്വേ ഖത്തറിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ലോകകപ്പുകളിൽ ടീമിനെ നയിച്ച വെറ്ററൻ താരങ്ങൾക്ക് ഒരിക്കൽ കൂടി അവസരം നൽകിയപ്പോൾ ഫോമിലുള്ള യുവതാരങ്ങളും ടീമിന് കരുത്തു പകരാൻ എത്തും.
ലോക വേദികളിൽ ലോകോത്തര ഫോമിലേക്ക് ഉയരാറുള്ള മുസ്ലെര തന്നെയാണ് ഇത്തവണയും പോസ്റ്റിന് കീഴിൽ എത്തുന്നത്. പ്രതിരോധത്തിൽ ഡീഗോ ഗോഡിനും ജിമിനസിനും അറോഹോക്കും ഒപ്പം നപോളിയുടെ ഒലിവെരയും റോമയുടെ മത്തിയസ് വിനയും ചേരും. അറോഹോയുടെ പരിക്ക് ബേധമായിട്ടില്ലെങ്കിലും താരം ഉടനെ സുഖം പ്രാപിച്ചേക്കും എന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ പ്രതിരോധത്തിന് ഇരട്ടി കരുത്തു പകരാനും താരത്തിനാകും. മധ്യനിരയിൽ മിന്നുന്ന ഫോമിലുള്ള ഫെഡേ വാൽവെർടെ തന്നെയാണ് ഹൈലൈറ്റ്. കൂടെ ലൂക്കാസ് ടോറെയ്റ, ബെന്റാങ്കുർ, ലാസിയോയുടെ വെച്ചിനോ സ്പോർട്ടിങ്ങിന്റെ ഉഗാർതെ എന്നിവരും ഉണ്ട്. യുനൈറ്റഡിൽ അവസരമില്ലെങ്കിലും പെല്ലിസ്ത്രിയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. റിവർപ്ലെറ്റിന് വേണ്ടി കളിമെനയുന്ന ഡേ ലാ ക്രൂസ് ആണ് യൂറോപ്പിന് പുറത്തു നിന്നും മധ്യനിരയിൽ ഉള്ള ഒരു താരം.
മുന്നേറ്റത്തിൽ പതിവ് മുഖങ്ങൾ ആയ സുവാരസിനും കവാനിക്കും ഒപ്പം രാജ്യം പ്രതീക്ഷ യോടെ ഉറ്റുനോക്കുന്ന ഡാർവിൻ ന്യുനസും കൂടി ചേരുമ്പോൾ സൗത്ത് കൊറിയയും ഘാനയും പോർച്ചുഗലും ചേർന്ന ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പറ്റും എന്ന് തന്നെയാണ് ടീമിന്റെ പ്രതീക്ഷ. പരിക്കേറ്റ കവാനിക്ക് ഉടനെ തിരിച്ചെത്താൻ ആവുമെന്നാണ് കരുതുന്നത്.