പരിക്കേറ്റും, ഒറ്റക്കാലിൽ നിന്നും പൊരുതിയ സുബാസിച് അർഹിച്ച വിജയം

- Advertisement -

ഇന്നത്തെ ക്രൊയേഷ്യൻ വിജയത്തിൽ കയ്യടി ഏറ്റവും കൂടുതൽ അർഹിക്കുന്ന താരം ക്രൊയേഷ്യയുടെ ഗോൾകീപ്പറായ സുബാസിചായിരിക്കും. കഴിഞ്ഞ മത്സരത്തിൽ പ്രീക്വാർട്ടറിൽ ഡെന്മാർക്കിനെതിരെ സുബാസിചിന്റെ ഒറ്റ മികവായിരുന്നു ക്രൊയേഷ്യയെ വിജയിപ്പിച്ചത്. ആ‌ സുബാസിച് ഇന്നും താരമായി. വെറും സേവുകൾ കൊണ്ട് മാത്രമല്ല, സമർപ്പണം കൊണ്ടും.

ഇന്ന് കളി 86അം മിനുട്ടിൽ ഉണ്ടാകുമ്പോൾ ഒരു പന്ത് പിടിക്കുന്നതിനിടെ സുബാസിചിന് പരിക്കേൽക്കുമ്പോൾ നിശ്ചിത സമയത്ത് ഉപയോഗിക്കാമായിരുന്ന മൂന്ന് സബ്സ്റ്റിട്യൂഷനും ക്രൊയേഷ്യ ഉപയോഗിച്ച് കഴിഞ്ഞിരുന്നു. ഹാം സ്ട്രിങ്ങിന് പരിക്കേറ്റ സുബാസിചിന് നേരെ നിൽക്കാൻ വരെ കഴിയാത്ത വേദനയിൽ ആയിരുന്നു. നിശ്ചിത സമയം കഴിയുന്നത് വരെ വേദന കടിച്ചു പിടിച്ചാൽ നാലാം സബായി എക്സ്ട്രാ ടൈമിൽ പകരം ഗോളിയെ ഇറക്കാം.

സുബാസിച് ആ വേദന കടിച്ചമർത്തി നിശ്ചിത സമയം തീരുന്നത് വരെ അല്ല കളിച്ചത്. നിശ്ചിത സമയൻ കഴിഞ്ഞ് പിന്നെയും 30 മിനുട്ടും അതു കഴിഞ്ഞ് പെനാൾട്ടിയും സുബാസിച് നേരിട്ടു. നിശ്ചിത സമയം കഴിഞ്ഞ് സബ് ചെയ്യാൻ ക്രൊയേഷ്യൻ ടീം ആലോചിച്ചു എങ്കിലും പെനാൾട്ടിയിൽ കളി എത്തിയാൽ താൻ ആവശ്യമാണെന്ന് മനസ്സിലാക്കിയ സുബാസിച് വേദന സഹിക്കാൻ തയ്യാറാവുക ആയിരുന്നു.

അവസാന 30 മിനുട്ടിൽ ഗോൾ കിക്ക് എടുക്കാൻ വരെ സുബാസിചിന് ഡിഫൻഡേഴ്സിന്റെ സഹായം ആവശ്യമായി വന്നിരുന്നു. എന്നിട്ടും നിർണായക സേവുകളും കാച്ചുകളും നടത്തി ക്രൊയേഷ്യയെ പിറകിലാക്കാതിരിക്കാൻ സുബാസിചിനായി. പെനാൾട്ടിയിൽ എത്തിയപ്പോൾ ആദ്യ പെനാൾട്ടി തന്നെ സേവ് ചെയ്യാനും സുബാസിചിനായി. ഒരേ ലോകകപ്പിൽ തന്നെ രണ്ട് പെനാൾട്ടി ഷൂട്ടൗട്ടുകൾ വിജയിക്കുന്ന 1990ന് ശേഷമുള്ള ആദ്യ ഗോൾകീപ്പറാകാനും ഇതോടെ സുബാസിചിനായി.

കഴിഞ്ഞ മത്സരത്തിൽ ഡെന്മാർക്കിനെതിരെ മൂന്ന് പെനാൾട്ടികളാണ് സുബാസിച് തടഞ്ഞത്. സെമിയിൽ കളിക്കാൻ ഫിറ്റ്നെസ് വീണ്ടെടുക്കാൻ സുബാസിചിന് കഴിയുമെന്ന് ഉറപ്പില്ലാ എങ്കിലും ക്രൊയേഷ്യൻ ഫുട്ബോളിന് വേണ്ടി സുബാസിച് സഹിച്ച വേദന ക്രൊയേഷ്യൻ ആരാധകർ ഒരിക്കലും മറക്കില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement