ഷൂട്ട് ഔട്ടിൽ വീണ് റഷ്യൻ പട, ക്രൊയേഷ്യ സെമിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റഷ്യയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് സോച്ചിയിൽ അവസാനം. പെനാൽറ്റി കിക്കിലൂടെയാണ് ക്രോയേഷ്യ റഷ്യയെ മറികടന്നത്. 2-2 എക്സ്ട്രാ ടൈം അവസാനിച്ചതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് നീണ്ടത്. ഷൂട്ട് ഔട്ടിൽ ക്രോയേഷ്യ 4-3 ന് മറികടന്ന ക്രോയേഷ്യൻ സംഘം അങ്ങനെ 1998 ന് ശേഷം വീണ്ടും സെമിയിൽ.

മത്സരത്തിന്റെ തുടക്കത്തിൽ ക്രോയേഷ്യൻ ഗോൾ മുഖത്ത് മികച്ച ആക്രമണമാണ് റഷ്യ നടത്തിയത്. പക്ഷെ ക്രോയേഷ്യ താളം കണ്ടെത്തിയതോടെ റഷ്യക്കും പ്രതിരോധത്തിലേക്ക്‌ പിൻവാങ്ങേണ്ടി വന്നു. 16 ആം മിനുട്ടിൽ റഷ്യൻ ബോക്സിന് പുറത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് പക്ഷെ റാകിറ്റിച് പുറത്തേക്ക് അടിച്ചു.

31 ആം മിനുട്ടിലാണ് റഷ്യ കാത്തിരുന്ന ഗോൾ പിറന്നത്. സൂബയുടെ പാസ്സ് സ്വീകരിച്ചു ചെറിശേവ് തൊടുത്ത കിടിലൻ ഷോട്ട് ക്രോയേഷ്യൻ ഗോളിയെ കാഴ്ചകാരനാക്കി വലത് മൂലയിൽ പതിച്ചു. സ്കോർ 1-0.

പക്ഷെ 39 ആം മിനുട്ടിൽ ക്രോയേഷ്യ സമനില കണ്ടെത്തി. മൻസൂകിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെ ക്രമറിച് ആണ് ഗോൾ നേടിയത്. രണ്ട് ഗോളുകൾ പിറന്നെങ്കിലും ആദ്യ പകുതി പലപ്പോഴും വിരസമായി കടന്ന് പോയി.

രണ്ടാം പകുതിയിൽ ക്രോയേഷ്യൻ ആക്രമണത്തിന് കൂടുതൽ കരുത്ത് വന്നു. 59 ആം മിനുട്ടിൽ പെരിസിച്ചിന്റെ ഷോട്ട് റഷ്യൻ പോസ്റ്റിൽ തട്ടി മടങ്ങി. മത്സരം ഒരു മണിക്കൂർ പിന്നിട്ട ശേഷം ക്രോയേഷ്യ തുടർച്ചയായി റഷ്യയെ ആക്രമിച്ചെങ്കിലും വിജയ ഗോൾ കണ്ടെത്താനാവാതെ വന്നതോടെ മത്സരം എക്ട്ര ടൈമിലേക്ക് നീണ്ടു.

എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാനാവാതെ വിഷമിച്ചിരിക്കെ ക്രോയേഷ്യൻ ഡിഫൻഡർ വിദ മികച്ചൊരു ഹെഡറിലൂടെ റഷ്യൻ വല കുലുക്കി. എക്സ്ട്രാ ടൈമിന്റെ 11 ആം മിനുട്ടിലാണ് ക്രോയേഷ്യൻ ഗോൾ പിറന്നത്.

രണ്ടാം പകുതിയിൽ സമനില ഗോളിനായി ക്രോയേഷ്യൻ ഗോൾ മുഖം നിരന്തരം വിറപ്പിച്ച റഷ്യക്ക് മുന്നിൽ ക്രോയേഷ്യൻ ഗോളി പലപ്പോഴും തടസ്സമായെങ്കിലും 115 ആം മിനുട്ടിൽ സോച്ചിയെ ആഘോഷത്തിമിർപ്പിലാക്കി റഷ്യയുടെ സമനില ഗോളെത്തി. ഫ്രീകിക്ക് ഹെഡറിലൂടെ മാരിയോ ഫെർണാണ്ടസ് റഷ്യക്ക് ജീവൻ നൽകി. സ്കോർ 2-2. പിന്നീടുള്ള സമയം റഷ്യ പിടിച്ചു നിന്നതോടെ മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക്.

ഷൂട്ട് ഔട്ടിൽ റഷ്യയുടെ ആദ്യ കിക്ക് തന്നെ ക്രോയേഷ്യൻ ഗോളി തടുത്തു. ക്രോയേഷ്യയുടെ ആദ്യ ഷോട്ട് ഗോളായെങ്കിലും രണ്ടാം കിക്ക് എടുത്ത കോവാചിച്ചിന്റെ കിക്ക് തടുത്തു റഷ്യൻ ഗോളി സ്കോർ സമനിലയിലാക്കി. പക്ഷെ റഷ്യയുടെ ഫെർണാണ്ടസിന്റെ കിക്ക് പുറത്തു പോയതോടെ വീണ്ടും ക്രോയേഷ്യക്ക് മേൽകൈ. പിന്നീടുള്ള എല്ലാ കിക്കുകളും ക്രോയേഷ്യ കൃത്യമായി വലയിലാക്കിയതോടെ ക്രോയേഷ്യ ലോകകപ്പ് സെമിയിൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial