യുവരക്തങ്ങളിൽ പ്രതീക്ഷയർപ്പിച്ച് സ്പാനിഷ് അർമഡ എത്തുന്നു

Nihal Basheer

Picsart 22 11 23 00 47 51 866
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ജേതാക്കൾ ആയ സ്പെയിൻ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങുന്നു. അൽ തുമാമ സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന മത്സരത്തിൽ കോസ്റ്ററിക്കയാണ് ലൂയിസ് എൻറിക്വെയുടെയും സംഘത്തിന്റെയും എതിരാളികൾ. പുതു തലമുറയിലെ യുവരക്തങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് സ്പെയിൻ എത്തുന്നതെങ്കിൽ അന്തർദേശീയ തലത്തിലും ക്ലബ്ബ് തലത്തിലും ഒരുപാട് മത്സരങ്ങളുടെ തഴക്കമുള്ള കെയ്‌ലർ നവാസിനും ബ്രയാൻ റൂയിസിനും കീഴിലാണ് കോസ്റ്ററിക്ക എത്തുന്നത്.

Picsart 22 11 23 00 48 06 828

യൂറോകപ്പിൽ എന്ന പോലെ തന്നെ ലൂയിസ് എൻറിക്വെ വിമർശകരെ കൂസാതെയാണ് ഇത്തവണയും ടീം തിരഞ്ഞെടുത്തത്. പോസ്റ്റിന് കീഴിൽ എൻറിക്വെയുടെ വിശ്വസ്തൻ ഉനയ് സൈമൺ എത്തുമ്പോൾ ലെഫ്റ്റ് ബാക്കിൽ പരിക്കേറ്റ ഹോസെ ഗയക്ക് പകരക്കാരനായി ആൽബ എത്തുമോ അതോ യുവതാരം ബാൾടെ എത്തുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. സെൻട്രൽ ഡിഫെൻസിൽ പാവോ ടോറസിനൊപ്പം അയ്മേരിക് ലപോർടയോ എറിക് ഗർഷ്യയോ എത്തും. റൈറ്റ് ബാക്ക് കർവഹാൾ തന്നെ കാക്കും.

മധ്യനിരയിൽ പെഡ്രി-ഗവി കോംബോ തന്നെ എത്തും. ഡിഫെൻസിവ് മിഡ് ആയി കരുത്തനായ റോഡ്രി ഉണ്ടെങ്കിലും ബസ്ക്വറ്റ്സിന്റെ അനുഭവസമ്പത്തിൽ തന്നെ കോച്ച് അഭയം തേടും. മുൻ നിരയിൽ ഫെറാൻ ടോറസിനും മൊറാട്ടക്കും ആൻസു ഫാറ്റിക്കും സ്ഥാനം ഉറപ്പാണ്. അതിവേഗക്കാരൻ നിക്കോ വില്യംസും പാബ്ലോ സറാബിയയും ബെഞ്ചിൽ നിന്നെത്തും. യേറെമി പിനോ, ഡാനി ഓൾമോ എന്നിവർക്കും എൻറിക്വെ അവസരം നൽകിയേക്കും.

Picsart 22 11 23 00 47 42 434

കെയ്‌ലർ നവാസിന്റെ സാന്നിധ്യം തന്നെയാണ് കോസ്റ്ററിക്കയുടെ കരുത്ത്. നൂറ്റിയൻപതോളം മത്സരങ്ങൾ ദേശിയ ടീമിനായി കളിച്ചിട്ടുള്ള മധ്യനിര താരങ്ങൾ ആയ സെൽസോ ബോർഹേസ്, ബ്രയാൻ റൂയിസ്‌ എന്നിവരുടെ അനുഭവസമ്പത്തിന്റെ ബലത്തിൽ മത്സരത്തിൽ പിടിമുറുക്കാൻ ആവും കോസ്റ്ററിക്കയുടെ ശ്രമം. ഇന്ത്യൻ സമയം ബുധനാഴ്ച വൈകിട്ട് ഒൻപതരക്കാണ് മത്സരം ആരംഭിക്കുന്നത്. ജപ്പാനും ജർമനിയും ചേർന്ന കടുപ്പമുള്ള ഗ്രൂപ്പിൽ നിന്ന് കടക്കണമെങ്കിൽ ആദ്യ മത്സരത്തിലെ വിജയം നിർണായകമാകും. അത് കൊണ്ട് തന്നെ വിട്ടുവീഴ്ച്ചകളില്ലാതെയാവും ഇരു ടീമുകളും പന്തു തട്ടുക.