ചരിത്രം തിരുത്തി കുറിക്കാൻ വെമ്പുന്ന രണ്ടു ടീമുകൾ. ലോകചാംപ്യന്മാർക്കൊത്ത പ്രകടനത്തോടെ വീണ്ടുമൊരു ഫൈനൽ സ്വപ്നം കാണുന്ന ഫ്രാൻസ് ഒരു വശത്ത്, സെമിയിലെത്തിയ ആദ്യ ആഫ്രിക്കൻ രാജ്യമെന്ന പെരുമ ഫൈനലിലേക്കും നീട്ടാൻ വെമ്പുന്ന മൊറോക്കോ മറു വശത്തും. ഒരുപാട് പ്രത്യേകതകൾ ഉള്ളതാണ് ഖത്തറിലെ രണ്ടാം സെമി ഫൈനൽ. കിരീടം നിലനിർത്താൻ വിട്ടുവീഴ്ച്ചയില്ലാതെ പ്രതിഭാ ധാരാളിത്തം കൊണ്ടും അനുഭവസമ്പത്ത് കൊണ്ടും എതിരാളികളെ നിഷ്പ്രഭരാകുന്ന പ്രകടനത്തോടെ സെമിയിലേക്ക് മാർച്ച് ചെയ്തെത്തിയ ഫ്രഞ്ച് പടക്ക് നേരിടാനുള്ളത് പക്ഷെ ഇത്തവണത്തെ കറുത്ത കുതിരകളെയാണ്. അതൊരു വെറും വരവ് അല്ല. വമ്പന്മാരെ, പ്രത്യേകിച്ചു ഫുട്ബോൾ തങ്ങളുടെ കാൽച്ചുവട്ടിൽ ആണെന്ന് കരുതുന്ന യൂറോപ്പിലെ അതികായകർക്ക് മടക്ക ടിക്കറ്റും നൽകി കൊണ്ടുള്ള മൊറോക്കൻ മുന്നേറ്റം, ഒരു ഭൂഖണ്ഡത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പേറി കൊണ്ടാണ്.
ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ…. കിരീട സാധ്യത വരെ കല്പിക്കപ്പെട്ട ടീമുകളെ ഒന്നൊന്നായി വീഴ്ത്തി മൊറോക്കോ നടത്തുന്ന മുന്നേറ്റം വെറും ഭാഗ്യത്തിന്റെ പുറത്തല്ല തന്നെ. പരിശീലകന്റെ കൃത്യമായ പദ്ധതിയും അത് കളത്തിൽ നടപ്പിലാക്കാനുള്ള താരങ്ങളുടെ ഇച്ഛാശക്തിക്കും മുൻപിൽ വീണു പോയവരുടെ പേരുകൾ ഫ്രാൻസിനും ഭയം സൃഷ്ടിക്കാതെ തരമില്ല. ഗോൾ വഴങ്ങാതെയുള്ള ഈ മുന്നേറ്റത്തിൽ പ്രധാനം ടീമിന്റെ പ്രതിരോധം തന്നെ. കീപ്പർ യാസിൻ ബോനോയിൽ തുടങ്ങുന്ന പിൻനിരയിൽ പക്ഷെ ഫ്രാൻസിനെതിരെ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ സായ്സ് ഉണ്ടായേക്കില്ല. ടീമിന്റെ നായകൻ കൂടിയായ വിശ്വസ്തന് പകരം ദാനിയോ ബിനൗനോയോ എത്തും. മൊറോക്കോ പ്രതിരോധത്തിലെ പ്രമുഖ താരങ്ങൾ ആയ അഗ്വേർഡ്, സായ്സ് എന്നിവർ ഇല്ലാതെ ഇറങ്ങേണ്ടി വരുന്നതിന്റെ കുറവ് ടീമിലെ പകരക്കാരുടെ മികച്ച പ്രകടനം കൊണ്ടു മാത്രമേ മറികടക്കാൻ ആവൂ. പോർച്ചുഗലിനെതിരെ പുറത്തുന്ന മസ്രോയിയും സംശയത്തിൽ തന്നെയാണ്. പകരം എത്തിയ അത്തിയാ അല്ലഹ് മികച്ച രീതിയിൽ തന്നെ തന്റെ ചുമതല നിർവഹിച്ചിരുന്നു.
പരിക്കേറ്റ താരങ്ങളുടെ മത്സരത്തിന് തൊട്ടു മുൻപുള്ള അവസ്ഥ കൂടി പരിഗണിച്ചാവും ആദ്യ ഇലവൻ എത്തുക. മറ്റ് പ്രമുഖ താരങ്ങൾ ആയ അഷറഫ് ഹകീമി, ഓനാഹി, സോഫ്യാൻ അമ്രബാത്, ഹകീം സിയാച്ച്, എൻ – നെസായ്രി, ബൗഫൽ എന്നിവർ എല്ലാം തന്നെ കളത്തിൽ ഉണ്ടാവും. ഓനാഹി, അമ്രബാത്ത് എന്നിവരടങ്ങിയ മധ്യനിരയുടെ പ്രകടനവും നിർണായകമാവും. ഹക്കീം സിയാച്ചിൽ നിന്നും ടീം പ്രതീക്ഷിക്കുന്നത് അസാമാന്യ മികച്ച പ്രകടനം തന്നെ. അതിവേഗക്കാരായ ഫ്രഞ്ച് വിങ്ങർമാരെ പിടിച്ചു കെട്ടാൻ പോന്ന താരങ്ങൾ മൊറോക്കോയുടെ പക്കൽ ഉണ്ട്. എന്നാൽ ആരും ഗോളടിക്കാവുന്ന നിലവിലെ ചാമ്പ്യന്മാരെ പിടിച്ച് കെട്ടുന്നതിന് പ്രതിരോധ കോട്ട ഒന്നുകൂടി ശക്തിപ്പെടുത്തി ആവും റിഗ്രാഗി ടീമിനെ അണിനിരത്തുക. ഫ്രാൻസ് ഇത്തവണ ഒരു മത്സരത്തിൽ പോലും ക്ലീൻഷീറ്റ് നേടിയിട്ടില്ല എന്നുള്ളത് മൊറോക്കോക് ചെറുതായി സന്തോഷം പകരുന്നുണ്ടാവും.
സുശക്തമാണ് ഫ്രഞ്ച് നിര. ടോപ്പ് സ്കോറർ പദവിയിലേക്ക് കുതിക്കുന്ന സൂപ്പർ താരം എമ്പാപ്പെയോടൊപ്പം ജിറൂഡും ഡെമ്പലേയും ഗ്രീസ്മാനും ചേരുമ്പോൾ മൊറോക്കോയുടെ പ്രതിരോധത്തിൽ വിള്ളൽ വീഴ്ത്താനുള്ള നിരവധി തന്ത്രങ്ങൾ ദെഷാംപ്സിന് മെനയാൻ ആവും. കഴിഞ്ഞ മത്സരങ്ങളിൽ എതിരാളികൾക് മധ്യനിരയിൽ വലിയ തലവേദന തീർത്ത അമ്രബാത്തിനെ മറികടക്കാനും ഫ്രഞ്ച് ടീം മാർഗം കാണേണ്ടതുണ്ട്. ഗ്രീസ്മാന്റെ നീക്കങ്ങൾ ആവും ആ സമയത്ത് നിർണായകമാവുക. പ്രതിരോധത്തിൽ വമ്പൻ താരങ്ങൾ ഉണ്ടെങ്കിലും ഗോൾ വഴങ്ങുന്ന ശീലമാക്കിയത് ടീമിന് ആശങ്ക സൃഷ്ടിച്ചേക്കും. എങ്കിലും ഉപമെങ്കാനോയും വരാനേയും ജൂൾസ് കുണ്ടേയും തീർക്കുന്ന പ്രതിരോധത്തിന് മൊറോക്കൻ ആക്രമണത്തെ പിടിച്ചു കെട്ടാൻ അധികം വിയർപ്പൊഴുക്കേണ്ടി വരില്ല. ഇംഗ്ലണ്ടിനെതിരെ വഴങ്ങിയ പെനാൽറ്റികൾ വിലയിരുത്തി വീഴ്ചകൾ മറികടക്കാൻ ദെഷാംപ്സ് ടീമിനെ ഓർമിപ്പിക്കുന്നുണ്ടാവും.
പിഎസ്ജിയിലെ സഹതാരങ്ങൾ ആയ അഷറഫ് ഹകീമിയും എമ്പാപ്പെയും നേർക്കുനേർ വരുന്നതാണ് മത്സരത്തിലെ മുഖ്യ ആകർഷണങ്ങളിൽ ഒന്ന്. ഇരു ടീമുകളുടെയും നിർണായ താരങ്ങൾ ആയ ഇരുവരും കളത്തിന് പുറത്തും സൗഹൃദം പങ്കിടുന്നവരാണ്. ഗ്രൗണ്ടിൽ ഏറ്റവും വലിയ തലവേദന ആയ എമ്പാപ്പെയെ കൈകാര്യം ചെയ്യാൻ താരത്തിന്റെ ഓരോ നീക്കങ്ങളും അറിയുന്ന ഹകീമി ഉള്ളത് മൊറോക്കോക് ഊർജം പകരും. എന്നാൽ ഹക്കീമി ആക്രമണങ്ങൾക്ക് ഇറങ്ങി തിരിക്കുമ്പോൾ ഒഴിച്ചിട്ടു പോകുന്ന സ്ഥാനത്ത് കണ്ണ് വെച്ചു എമ്പാപ്പെയും തക്കം പാർത്തിരിക്കുന്നുണ്ടാവും എന്ന കാര്യത്തിൽ സംശയമില്ല.
ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30ന് അൽ ബയ്ത് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക.