രാഷ്ട്രീയം വീട്ടിൽ വച്ചാൽ മതി! ഡെന്മാർക്ക് ജെഴ്‌സിയിലെ സന്ദേശം ലോകകപ്പിൽ അനുവദിക്കില്ലെന്ന് ഫിഫ

ഖത്തർ ലോകകപ്പിൽ തങ്ങളുടെ ജെഴ്സിയിൽ ‘മനുഷ്യാവകാശം എല്ലാവർക്കും’ എന്നു എഴുതാനുള്ള ഡെന്മാർക്ക് ദേശീയ ടീമിന്റെ തീരുമാനത്തിന് ഫിഫയുടെ വിലക്ക്. ഖത്തറിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്ക് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗം ആയി തങ്ങളുടെ ലോഗോ അടക്കം മങ്ങിയ ജെഴ്സി ആണ് ഡെന്മാർക്ക് ലോകകപ്പിൽ അണിയുന്നത്. ഇതിനു ഒപ്പം ഖത്തറിലെ മനുഷ്യാവകാശ ലംഘനങ്ങൾ കാണിക്കാൻ ഈ സന്ദേശം കൂടി അണിയാൻ ആയിരുന്നു ഡെന്മാർക്ക് തീരുമാനം.

എന്നാൽ ഇത് രാഷ്ട്രീയ സന്ദേശം ആണെന്ന നിലപാട് സ്വീകരിച്ച ഫിഫ ഈ നീക്കം വിലക്കുക ആയിരുന്നു. നിലവിൽ രാഷ്ട്രീയ സന്ദേശങ്ങൾ ഫിഫ വേദിയിൽ പ്രദർശിപ്പിക്കാൻ പാടില്ല എന്ന നിയമം ഉണ്ട്. എന്നാൽ തങ്ങളുടെ സന്ദേശത്തിൽ രാഷ്ട്രീയം ഇല്ലെന്നും ലോകത്ത് എല്ലാവരും അംഗീകരിച്ച സന്ദേശം ആണ് ഇത് എന്നും ആയിരുന്നു ഡെന്മാർക്ക് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റിന്റെ പ്രതികരണം. ഖത്തറിലെ പല പ്രശ്നങ്ങൾക്കും എതിരെ ഫിഫ വേണ്ട പോലെ നിലപാട് എടുക്കുന്നില്ല എന്ന വിമർശനം നിലനിൽക്കുമ്പോൾ ആണ് അവരുടെ ഈ വിലക്ക്. പല താരങ്ങളും രാഷ്ട്രീയം പറയാൻ ഉറച്ച് ലോകകപ്പിന് എത്തുന്നു എന്നതിനാൽ ഖത്തർ ലോകകപ്പ് കലുഷിത രാഷ്ട്രീയ ചർച്ചകൾ തന്നെയാവും ഉയർത്തുക.