ഖത്തർ ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ നാളെ ഇറാനെ നേരിടാൻ ഒരുങ്ങുമ്പോൾ മത്സരത്തിനു മുമ്പ് താരങ്ങൾ മുട്ടു കുത്തിയിരുന്നു വംശീയതക്ക് എതിരായ സന്ദേശം നൽകുന്ന ശീലം തുടരുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്ഗേറ്റ്. 2020 ൽ ജോർജ് ഫ്ലോയിഡ് അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട ശേഷം തുടങ്ങിയ ശീലം ലോകകപ്പിലും തുടരാൻ ആണ് ഇംഗ്ലണ്ട് തീരുമാനം. നേരത്തെ ഈ പ്രതിഷേധം ഇനി നടത്തേണ്ടതില്ല എന്നു പ്രീമിയർ ലീഗ് തീരുമാനിച്ചിരുന്നു.
ഒരു ടീം എന്ന നിലയിൽ തങ്ങളുടെ നിലപാട് ആണ് ഇതെന്നും ഇത് ഒരുപാട് നാളുകൾ ആയി ചെയ്തു വരുന്ന പ്രതിഷേധരീതിയാണ് എന്നും പറഞ്ഞ സൗത്ത്ഗേറ്റ് ലോകകപ്പ് പോലെ ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ അത്തരം ഒരു പ്രതിഷേധം ലോകം മൊത്തം കാണും എന്നും കൂട്ടിച്ചേർത്തു. ഒപ്പം അത് നല്ലൊരു സന്ദേശം ആവും ലോകത്തിനു പ്രത്യേകിച്ച് യുവ തലമുറയ്ക്ക് നൽകുക എന്നും ഇംഗ്ലീഷ് പരിശീലകൻ പറഞ്ഞു. അതേസമയം നാളെ ‘വൺ ലവ്’ ആം ബാന്റ് ഇംഗ്ലണ്ട് അണിയുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല. നിലവിൽ 3 ഐക്യരാഷ്ട്ര സംഘനകളും ആയി ചേർന്നു സന്ദേശങ്ങൾ എഴുതിയ ആം ബാന്റ് ഫിഫ തന്നെ നേരിട്ട് ടീമുകൾക്ക് നൽകുന്നുണ്ട്. ഇതിനെക്കുറിച്ച് ഇംഗ്ലണ്ട് ഫുട്‌ബോൾ അസോസിയേഷൻ ഫിഫയോട് അഭിപ്രായം ചോദിച്ചിട്ടും ഉണ്ട്.