വനിതാ ലോകകപ്പ് ഫുട്ബോളിൽ യൂറോ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ക്വാർട്ടർ ഫൈനലിൽ. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സറ്റത്തിൽ നൈജീരിയയെ തോൽപ്പിച്ച് ആണ് ഇംഗ്ലണ്ട് ക്വാർട്ടർ ഉറപ്പിച്ചത്. ഇന്ന് നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും മത്സരം ഗോൾ രഹിതമായിരുന്നു. 4-2 എന്ന സ്കോറിനാണ് പെനാൾട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ട് വിജയിച്ചത്.
ഇന്ന് ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം തന്നെ നൈജീരിയ കാഴ്ചവെച്ചു. ഇംഗ്ലണ്ടിനെ അധികം അറ്റാക്ക് ചെയ്യാൻ വിടാതെ ഗോൾ രഹിതമായി കളി നിർത്താൻ അവർക്ക് ആയി. മത്സരത്തിന്റെ 87ആം മിനുട്ടിൽ ലൗറെൻ ജെയിംസ് ചുവപ്പ് കാർഡ് വാങ്ങി പുറത്ത് പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പത്തു പേരുമായി എക്സ്ട്രാ ടൈം കളിച്ച ഇംഗ്ലണ്ട് ഗോൾ വഴങ്ങാതെ പിടിച്ചു നിന്ന് കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്തിച്ചു.
ഇംഗ്ലണ്ടിന്റെ ആദ്യ കിക്ക് എടുത്ത സ്റ്റാന്വേ വലിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഡെസ്റെ എടുത്ത നൈജീരിയയുടെ ആദ്യ കിക്കും സമാനമായ രീതിയിൽ പുറത്ത് പോയി. ബെതനിയുടെ കിക്ക് വലയിൽ ആവുകയും നൈജീരിയൻ താരം അലോസിയുടെ കിക്ക് പുറത്ത് പോവുകയും ചെയ്തതോടെ ഇംഗ്ലണ്ടിന് മുൻതൂക്കമായി.
റാഷേൽ ഡാലി ഇംഗ്ലണ്ടിന്റെ മൂന്നാം കിക്ക് വലയിൽ എത്തിച്ചു. അജിബാദെ നൈജീരിയക്ക് ആയും സ്കോർ ചെയ്തു. 3 കിക്ക് കഴിഞ്ഞപ്പോൾ സ്കോർ 2-1. ഇംഗ്ലണ്ടിന് അനുകൂലം. പിന്നാലെ ഗ്രീൻവുഡും പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1. ഉഷെബിയും ഗോൾ നേടി. സ്കോർ 3-2. കെല്ലിയുടെ അഞ്ചാം കിക്ക് വലയിൽ എത്തിയതോടെ ഇംഗ്ലണ്ട് വിജയിച്ചു. ജമൈക്കയും കൊളംബിയയും തമ്മിലുള്ള മത്സരത്തിലെ വിജയികൾ ആകും ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ.