ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യയെ പൂട്ടാൻ മൊറോക്കോ

Fb Img 1669149107590

ഖത്തർ ലോകകപ്പ് ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ കഴിഞ്ഞ ലോകകപ്പിലെ രണ്ടാം സ്ഥാനക്കാർ ആയ ക്രൊയേഷ്യ ഇന്നിറങ്ങും. ബെൽജിയം, കാനഡ ടീമുകൾ ഉള്ള ഗ്രൂപ്പിൽ ആഫ്രിക്കൻ കരുത്തും ആയി എത്തുന്ന മൊറോക്കോ ആണ് അവരുടെ എതിരാളികൾ. ലോകകപ്പിൽ ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. മുമ്പ് ഒരു തവണ ഏറ്റുമുട്ടിയപ്പോൾ 3 ചുവപ്പ് കാർഡുകൾ പിറന്ന മത്സരത്തിൽ 2-2 നു അവസാനിച്ച മത്സരശേഷം ക്രൊയേഷ്യ പെനാൽട്ടിയിൽ ജയിക്കുക ആയിരുന്നു. തങ്ങളുടെ ആറാം ലോകകപ്പ് കളിക്കുന്ന ക്രൊയേഷ്യ ഇതിനു മുമ്പ് ഒരിക്കൽ ഫൈനലിലും രണ്ടു തവണ സെമിയിലും എത്തിയിരുന്നു. സുവർണ തലമുറ താരങ്ങളും ആയി എത്തുന്ന ക്രൊയേഷ്യക്ക് പക്ഷെ അവരുടെ പ്രായം ഒരു വെല്ലുവിളി ആണ്.

കഴിഞ്ഞ ലോകകപ്പിലെ താരമായ ലൂക മോഡ്രിച് തന്നെയാണ് ക്രൊയേഷ്യയുടെ ഏറ്റവും വലിയ പ്രചോദനം. മോഡ്രിച്ചിന് ഒപ്പം ബ്രൊസോവിച്, കോവാചിച്, പെരിസിച്, റാകിറ്റിച് തുടങ്ങിയ പ്രതിഭകളുടെ കൂട്ടം തന്നെ അവർക്ക് മധ്യനിരയിൽ ഉണ്ട്. മുന്നേറ്റത്തിൽ ക്രാമറിച് ഇറങ്ങുമ്പോൾ പ്രതിരോധത്തിൽ പരിചയ സമ്പന്നനായ ലോവ്റനു ഒപ്പം യുവതാരം ഗവാർഡിയോളും സോസയും അടങ്ങുന്ന അവരുടെ പ്രതിരോധവും മികച്ചത് ആണ്. മറുവശത്ത് ശക്തമായ നിരയും ആയാണ് മൊറോക്ക എത്തുന്നത്. സെവിയ്യ താരം ബോണോ ഗോളിന് മുന്നിൽ നിൽക്കുമ്പോൾ റോമയിൻ സെയിസ്, നയഫ് അഗുയർഡ് എന്നിവർ ആണ് പ്രതിരോധത്തിൽ. രണ്ടു മികച്ച വിങ് ബാക്കുകൾ ആണ് മൊറോക്കോയെ വലിയ അപകടകാരികൾ ആക്കുന്നത്.

റൈറ്റ് ബാക്ക് ആയി ലോകത്തിലെ തന്നെ ഏറ്റവും മികച്ച പി.എസ്.ജിയുടെ അഷ്‌റഫ് ഹകീമി ഇറങ്ങുമ്പോൾ ലെഫ്റ്റ് ബാക്ക് ആയി ബയേൺ മ്യൂണികിന്റെ നൗസയിർ മസറൗയിയും ഇറങ്ങും. ഫിയറന്റീനയുടെ അംറബാറ്റ് ആണ് മധ്യനിര നിയന്ത്രിക്കുക. മുന്നേറ്റത്തിൽ സോഫിയനെ ബൗഫലിന് ഒപ്പം സെവിയ്യയുടെ യൂസഫ് എൻ-നസ്രി ഇറങ്ങും. ഇവർക്ക് ഒപ്പം ദേശീയ ടീമിൽ മടങ്ങിയെത്തിയ ചെൽസിയുടെ ഹക്കിം സിയെച് കൂടി ചേരുമ്പോൾ മൊറോക്കോയെ ക്രൊയേഷ്യക്ക് എളുപ്പത്തിൽ എഴുതിതള്ളാൻ ആവില്ല. ലോകകപ്പ്, യൂറോ കപ്പുകളിൽ 9 ഗോളുകളും 5 അസിസ്റ്റുകളും ഉള്ള പെരിസിച് തന്നെയാവും ക്രൊയേഷ്യക്ക് മുന്നേറ്റത്തിൽ പ്രധാന കരുത്ത്. ഇന്ന് ഇന്ത്യൻ സമയം 3.30 നു അൽ-ബെയത്ത് സ്റ്റേഡിയത്തിൽ ആണ് ഈ മത്സരം നടക്കുക.